ജീവിതം കലയെ അനുകരിക്കുമ്പോൾ

22 Female Kottayam എന്ന ചലച്ചിത്രത്തിന്റെ കഥയെ ഓ‍മ്മിപ്പിക്കുന്ന വിധത്തിലാണു് ശ്രീ ഗണേശാനന്ദ തീ‍ത്ഥപാദസ്വാമി എന്ന പേരിൽ അറിയപ്പെടുന്ന ശ്രീഹരിയുടം ലിംഗം ഒരു യുവതി മുറിച്ചെടുത്തതു്. ഹൈസ്ക്കൂൾ വിദ്യാ‍ത്ഥിനി ആയിരുന്ന കാലം മുതൽക്കേ ഇയാൾ അവരെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണു് അവ‍ പൊലീസിനോടു പറഞ്ഞതു്. മാത്രമല്ല, സ്വന്തം അമ്മകൂടി അതിനു കൂട്ടുനിന്നുവത്രെ. അവരെയും ശ്രീഹരി പീഡിപ്പിച്ചിരുന്നതായി യുവതി പൊലീസിനോടു പറഞ്ഞുവത്രെ. അച്ഛൻ രോഗിയായി കിടപ്പായതിനുശേഷമാണു് ഇതെല്ലാം സംഭവിച്ചതു് എന്നാണു് റിപ്പോ‍ർട്ടുകളിൽനിന്നു മനസ്സിലാകുന്നതു്. ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോൾ മാത്രമാണു് യുവതി ഇത്ര കടുത്ത ശിക്ഷ സ്വയം നൽകാൻ തീരുമാനിച്ചതു്. അതു് പാടില്ലായിരുന്നു എന്നും പകരം അവർ പൊലീസിനെ അറിയിക്കണ്ടതായിരുന്നു എന്നും ഒരു “പ്രമുഖൻ” പ്രസ്താവിച്ചതായി മാദ്ധ്യമങ്ങൾ അറിയിക്കുന്നു. ഇത്രയ്ക്കു് വിവരംകെട്ട മനുഷ്യൻ എങ്ങനെയാണു് നമ്മുടെ പ്രതിനിധിയായി സർക്കാരിൽ എത്തുന്നതു് എന്നാണെന്റെ സംശയം. അതും സമൂഹത്തിന്റെ അവസ്ഥയെ സൂചിപ്പിക്കുന്ന ഒന്നാണു്.

ശ്രീഹരിക്കുള്ള ശിക്ഷയുടെ ഒരുഭാഗം യുവതിതന്നെ നൽകിക്കഴിഞ്ഞു. ഇനി സമൂഹത്തിന്റെ വകയായി നിയമപരമായ ശിക്ഷയും ലഭിക്കുമെന്നു പ്രതീക്ഷിക്കാം. അതിൽനിന്നു് അയാളെ രക്ഷിക്കാനും പലരുമുണ്ടാകും. ശ്രീഹരിയ്ക്കു് എല്ലാ മാദ്ധ്യമങ്ങളും (സാമൂഹ്യമാദ്ധ്യമങ്ങളുൾപ്പെടെ) വേണ്ടുവോളം കുപ്രസിദ്ധി നൽകിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ, കുട്ടിയെ സംരക്ഷിക്കാനുള്ള അമ്മയുടെ കർത്തവ്യം വിസ്മരിച്ചിട്ടു് പകരം കുട്ടിയെ “സ്വാമി”യ്കു് കാഴ്ചവച്ച അമ്മയെ എല്ലാവരും മറന്നുപോയി. ലൈംഗികാവശ്യത്തിനായി മറ്റൊരു പുരുഷനെ ഒരു സ്ത്രീ ആശ്രയിക്കുന്നതു് ഇതു് തീർച്ചയായും ആദ്യമാവില്ല. അതു് ഒരു പരിധിവരെ പൊറുക്കാവുന്നതുമാണു്. എന്നാൽ തന്നെ പൂർണ്ണമായി വിശ്വസിക്കുകയും തന്റെ സംരക്ഷണയിൽ ജീവിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയെ അന്യപുരുഷനു കാഴ്ചവയ്ക്കുന്നതു് തീർച്ചയായും ക്ഷമ അർഹിക്കുന്ന കാര്യമല്ല, വിശേഷിച്ചു് അതു് സ്വന്തം മകളാകുമ്പോൾ. ഇതും കേരളത്തിൽത്തന്നെ ആദ്യമയല്ല എന്നുറപ്പിക്കാം. ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ടല്ലോ. ഇതെല്ലാം സൂചിപ്പിക്കുന്നതു് സമൂഹത്തിലെ ആഴത്തിലുള്ള പ്രശ്നങ്ങളാണു്. ഇതു പഠിക്കേണ്ടതല്ലേ?

ഒരു “സ്വാമി”ക്കു വശംവദയാകുന്ന ആദ്യത്തെ സ്ത്രീയാവില്ല അവർ. ഇത്തരം സ്വാമികളെപ്പറ്റി ജീവിതത്തിലും സിനിമയിലും നാം ധാരാളം കണ്ടിട്ടുള്ളതാണു് (അടിമകൾ എന്ന 1969 ചലച്ചിത്രം ഓർമ്മവരുന്നു), എല്ലാ ജാതിമതങ്ങളിലും പെട്ടവർ. എന്നിട്ടും ഇവരെ അന്ധമായി ആരാധിക്കാനും അവരുടെ അക്രമങ്ങൾ സഹിക്കാനും കേരളീയർപോലും തയാറാകുന്നതിന്റെ മനഃശ്ശാസ്ത്രവും സാമൂഹ്യശാസ്ത്രവും ആരെങ്കിലുമൊക്കെ പഠിക്കേണ്ടതാണു്. അതിലൂടെയെങ്കിലും ഇത്തരം പ്രശ്നങ്ങൾക്കു് ഒരുപക്ഷെ പരിഹാരം കണ്ടെത്താനാകും എന്നു പ്രതീക്ഷിക്കുന്നു. ശ്രീഹരിക്കോ ഇത്തരം “സാമൂഹ്യസേവനം” നടത്തുന്ന മറ്റു സന്യാസികൾക്കോ ശിക്ഷ നൽകിയതുകൊണ്ടു് പ്രശ്നപരിഹാരമാകും എന്നു തോന്നുന്നില്ല. ശിക്ഷയിലൂടെ അക്രമവാസനയ്ക്കു ശമനം ലഭിക്കുമായിരുന്നെങ്കിൽ മോഷണവും പിടിച്ചുപറിയും മറ്റും എന്നേ ഈ സമൂഹത്തിൽ ഇല്ലാതാകേണ്ടതായിരുന്നു! ഇതിന്റെയൊക്കെ പിന്നിലുള്ള അടിസ്ഥാനപരമായ സാമൂഹിക, വൈയക്തിക പ്രശ്നങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ശിക്ഷകൊണ്ടുമാത്രം കുറ്റകൃത്യങ്ങൾ ഇല്ലാതാവില്ല.

ജൂൺ 23നു് കൂട്ടിച്ചേർക്കുന്നതു്:

മുകളിലെഴുതിയതു് ഏതാനും മാസങ്ങൾക്കു മുമ്പാണു്. കേസിലെ വിവരങ്ങൾ അന്നറിവായതിൽനിന്നു വളരെയധികം മാറിപ്പോയിരിക്കുന്നു. എന്നാൽ മറ്റുപല കാര്യങ്ങളും വലിയ മാറ്റമില്ലാതെതന്നെ തുടരുന്നു. ശ്രീഹരി എന്ന “സ്വാമി” യുവതിയെ പീഡിപ്പിച്ചിരുന്നൊ ഇല്ലയൊ എന്നതും യുവതിതന്നെയാണൊ ശ്രീഹരിയുടെ ലിംഗം മുറിച്ചതു് എന്നതും ഇപ്പൊഴും തീരുമാനമാകാതെ കിടക്കുകയാണു്. എന്നാൽ, “സ്വാമി”യും ആ വീട്ടിലെ സ്ത്രീയും തമ്മിൽ ബന്ധമുണ്ടായിരുന്നു (ഒരുപക്ഷെ ലൈംഗികമായിത്തന്നെ൦) എന്നതിൽ വലിയ സംശയമില്ല. അതിലൂടെ ആ കുടുംബത്തിൽനിന്നു് വളരെയധികം സാമ്പത്തികനേട്ടം ഉണ്ടാക്കി എന്നതിലും വലിയ സംശയമില്ല. ഇപ്പോൾ ലിംഗം മുറിക്കപ്പെട്ടു് കഥകൾ പുറത്താകുകയും പൊലീസ് കേസ് ആവുകയും ചെയ്തില്ലായിരുന്നെങ്കിൽ ഒരുപക്ഷെ കാര്യങ്ങൾ കാലക്രമേണ വഷളായേനെ എന്ന കാര്യത്തിലും സംശയമില്ല.

കപടമായ ആത്മീയതയുടെ പേരിൽ നമ്മുടെ സമൂഹത്തിൽ നടക്കുന്ന അനേകം തട്ടിപ്പുകളിൽ ഒരെണ്ണംകൂടി പുറത്തുവന്നു എന്നേ കരുതേണ്ടതുള്ളൂ. ഇത്തരം തട്ടിപ്പുകളും ചൂഷണങ്ങളും ഇന്ത്യയിൽ ധാരാളമായി നടക്കുന്നുണ്ടു് എന്നതിനും സംശയമില്ല. ജനങ്ങളുടെ മനസ്സിൽ എങ്ങനെയൊക്കെയൊ കടന്നുകയറിയ അരക്ഷിതബോധമാണു് (sense of insecurity) ആൾദൈവങ്ങളുടെയും ഇത്തരം കപടസന്യാസികളുടെയും പിന്നാലെ പോകാൻ അവരെ പ്രേരിപ്പിക്കുന്നതു്. ശരിയായ വിദ്യാഭ്യാസവും വിമർശനാത്മകമായി ചിന്തിക്കാനുള്ള ശേഷിയും മാത്രമാണു് ഇതിനുള്ള പരിഹാരം. അതോടൊപ്പം സ്ഥിരതയുള്ള സാമ്പത്തികപശ്ചാത്തലവും. ഇതൊക്കെ നേടിയ പാശ്ചാത്യനാടുകളിൽ ആൾദൈവങ്ങളോടു മാത്രമല്ല, ആരാധനാലയങ്ങളോടുപോലും ജനങ്ങൾക്കു് ഇപ്പോൾ താല്പര്യമില്ലാതായി.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s