നമ്മളെന്താ ഇങ്ങനെ?

പലപ്പോഴും ആലോചിച്ചിട്ടുള്ള കാര്യമാണ്, നമ്മളെന്താ ഇങ്ങനെ? നമ്മളോരോരുത്തരും ഒറ്റപ്പെട്ട വ്യക്തികളായാണ് ജീവിക്കുന്നതു്. ഒരു സമൂഹമാണെന്ന തോന്നലേയില്ല. കുടുംബത്തിനുള്ളിൽപ്പോലും പലപ്പോഴും ആ തോന്നലില്ല എന്നു തോന്നിയിട്ടുണ്ടു്. “എന്റെ കാര്യം നടക്കണം” എന്നതിനപ്പുറം വളരെയധികംപേർക്കും യാതൊരു ചിന്തയുമില്ല. സ്വന്തം വീട്ടിൽ മുറ്റത്തിട്ടു വാഹനം കഴുകിയിട്ടു് ആ വെള്ളം എല്ലാവരും പൊതുവഴിയിലേക്ക് ഒഴുക്കിവിടാൻ ആർക്കും മടിയില്ല. എന്തിനു്, കക്കൂസിൽനിന്നുള്ള ജലംപോലും പൊതുസ്വത്തായ കുളത്തിലേക്കോ ഒക്കെ ഒഴുക്കിവിടാനും പലർക്കും യാതൊരു മടിയുമില്ല. എന്നുമാത്രമല്ല, അതൊക്കെ അവനവന്റെ അവകാശമാണെന്നാണു് ഭാവവും. റോഡിലേക്കു വെള്ളം ഒഴുക്കിവിടുന്നതുകൊണ്ടോ വാഹനം നിർത്തിയിരിക്കുന്ന വിധംകൊണ്ടോ വഴിയാത്രക്കാർക്കു് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടു് എന്നതിനു് ഒരു കുറ്റബോധം പോലുമില്ല, പലർക്കും. ഇതുതന്നെ മറ്റുപല കാര്യങ്ങളിലും കാണാനാകും. നമ്മളെന്താ ഇങ്ങനെ?

വഴിയിലൊ അടുത്ത പറമ്പിലൊ മാലിന്യം വലിച്ചെറിയുന്നതിനു് യാതൊരു സങ്കോചവും തോന്നാത്തതു് ഇതിന്റെയൊക്കെ മറ്റൊരു ഭാവമല്ലേ? പൊതുസ്ഥലങ്ങളിലെ മൂത്രപ്പുരയൊ കക്കൂസൊ ഉപയോഗിച്ചശേഷം വൃത്തികേടായി ഇട്ടിട്ടുപോകുന്നതും ഇതേ മനോഭാവം തന്നെ. പൊതുവിടങ്ങളിൽ തുറസ്സായി മാലിന്യം കത്തിക്കുന്നതു് എല്ലാവരുടെയും ആരോഗ്യത്തിനു ഹാനികരമാണെന്നു മാത്രമല്ല നിയമവിരുദ്ധമാണെന്നു് സുപ്രീംകോടതി പോലും വിധിച്ചിട്ടുള്ളതാണു്. എന്നാലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യമെല്ലാം കൂട്ടിയിട്ടു് കരിച്ചുകളയാൻ ആർക്കും മടിയില്ല, വിശേഷിച്ചു് ഭരണാധികാരികൾക്കു്. തിരുവനന്തപുരം കോർപറേഷൻ തന്നെ നഗരത്തിൽ പലയിടങ്ങളിലും മാലിന്യം കൂട്ടിയിട്ടു തീയിടുന്നുണ്ടു്. മാലിന്യസംസ്ക്കരണത്തിനു പല പദ്ധതികളും പ്രഖ്യാപിച്ച കോർപറേഷനാണ് ഇതു ചെയ്യുന്നതു് എന്നോർക്കണം. നമ്മളെന്താ ഇങ്ങനെ?

ഇതൊക്കെ പറയുമ്പോഴും ഒരു കാര്യമുണ്ടു്. ഇതുപോലെ പെരുമാറിയാൽ കടുത്ത ശിക്ഷ കിട്ടുന്ന നാട്ടിൽ പോയാൽ നമ്മളെല്ലാം വളരെ നല്ലവരായിത്തീരും. ആംഗലഭാഷയിൽ civic sense എന്നു പറയുന്ന ഗുണം നമുക്കെങ്ങനെയാണ് ഇല്ലാതെപോയത്? നമ്മളെന്നാണ് ഇങ്ങനെയായിത്തീർന്നതു്?

മലയാളികൾ ഇങ്ങനെയല്ലായിരുന്നല്ലോ. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളനഗരമായി എല്ലാ വർഷവും തെരഞ്ഞെടുത്തിരുന്ന നഗരമായിരുന്നു തിരുവനന്തപുരം ഏതാനും ദശാബ്ദങ്ങൾക്കു മുമ്പെ. വിദ്യാഭ്യാസം സാർവത്രികമായപ്പോൾ ആത്മബോധവും സാമൂഹ്യബോധവും ഇല്ലാതായതെങ്ങനെ?

അണുകുടുംബങ്ങളാവുകയും കുട്ടിക്കാലം മുതൽക്കേ ഒറ്റയ്ക്കു വളരുകയും ചെയ്യുന്നതുകൊണ്ടാണോ? ആവാമെന്നു തോന്നുന്നു, അല്ലേ? ഒന്നും പങ്കുവയ്ക്കാനും മറ്റുള്ളവരുടെ ആവശ്യങ്ങൾകൂടി മനസ്സിലാക്കി ജീവിക്കാനും കുട്ടികൾ പഠിക്കുന്നില്ല. ഓരോരുത്തരും സ്വന്തം പഠനത്തെയും പരീക്ഷയിലെ മാർക്കിനെയും പറ്റി മാത്രമാണ് ചിന്തിക്കുന്നതു്.

ഇങ്ങനെ തുടർന്നാൽ മതിയോ? എല്ലാവരും ചിന്തിക്കണം, അല്പനേരത്തേക്കു് സ്വാർത്ഥത മാറ്റിവച്ചിട്ടു്. പോര എന്നു തീരുമാനിച്ചാൽ എങ്ങനെ മാറ്റാനാവും എന്നും ചിന്തിക്കണം. അഭിപ്രായങ്ങൾ കമന്റായി ഇവിടെ എഴുതുമല്ലോ.

Advertisements

ആത്മാഭിമാനം നഷ്ടപ്പെട്ട സമൂഹം

ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. ലോകത്തെല്ലായിടത്തു ജീവിക്കുന്നവ‍‍‍‍‍‍ര്‍ക്കും പ്രശ്നങ്ങളുണ്ട്. എന്നാൽ ഇന്ത്യയിൽ ജീവിക്കുന്നവ‍‍ര്‍ക്ക് മറ്റു പ്രശ്നങ്ങളും കൂടിയുണ്ട്. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ കൂടാതെ ആവശ്യമായ കാര്യങ്ങൾ നടത്തിയെടുക്കാനുള്ള ബുദ്ധിമുട്ടുകളുമുണ്ട്. അതിൽത്തന്നെ, കാര്യങ്ങൾ നടത്താനായി പലയിടങ്ങളിലേക്കു യാത്രചെയ്യേണ്ടിവരുമ്പോൾ യാത്രാസൗകര്യങ്ങളുടെ കുറവ്. സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ മാത്രമല്ല, ചിലപ്പോൾ സ്വകാര്യസ്ഥാപനങ്ങളിൽപ്പോലും കാര്യങ്ങൾ നടത്തിയെടുക്കാനുള്ള പ്രയാസങ്ങൾ, കുട്ടികളെ സ്ക്കൂളിൽ ചേർക്കന്നതുമുതൽ വിവാഹം കഴിപ്പിക്കുന്നതുവരെയുള്ള കാര്യങ്ങൾ നടത്തിയെടുക്കാനുള്ള പ്രയാസങ്ങൾ, ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ലഭിക്കാനുള്ള കഷ്ടപ്പാട്, അങ്ങനെ പലതും. ഇവയിൽ മിക്കവയുടെയും പിന്നിലുള്ള ഒരു പ്രധാനകാരണം കൈക്കൂലിയാണെന്നു കാണാം. യാത്രാസൗകര്യങ്ങൾ മോശമായിരിക്കുന്നതിന്റെ ഒരു കാരണം കൈക്കൂലിയാണ്. റോഡുകൾ വൃത്തിയായി പണിതില്ലെങ്കിലും ഉദ്യോഗസ്ഥനു കൈക്കൂലി കൊടുത്താൽ ബില്ലു മാറിക്കിട്ടും. സ്ക്കൂളിൽ പ്രവേശനം വേണമെങ്കിൽ കൈക്കൂലി കൊടുക്കണം – അതിനു കൈക്കൂലി എന്നു പറയില്ല എന്നു മാത്രം. സംഭാവന (ക്ഷമിക്കണം, ഡൊണേഷൻ) എന്ന ഓമനപ്പേരാണ് അതിനുള്ളത്. ആശുപത്രിയിൽ നേരായ ചികിത്സ വേണമെങ്കിൽ ആശുപത്രിക്കു കൊടുക്കുന്നതുകൂടാതെ ഡോക്ടർക്കും കൊടുക്കണം. ഇങ്ങനെ എന്തു പ്രശ്നത്തിന്റെയും പിന്നിൽ ഈ പിശാചിനെ കാണാം. അതുകൊണ്ടുതന്നെ ആവണം അണ്ണാ ഹസാരെയും ആം ആദ്മി പാർട്ടിയും അഴിമതി മുഖ്യപ്രശ്നമായി എടുത്തതും വിദ്യുച്ഛക്തിയുടെയും വെള്ളത്തിന്റെയും വില കുറച്ചിട്ടും കാര്യമായ വികസനം ദില്ലിയിൽ സാധ്യമായതും.

ഇതിപ്പോൾ പറയാൻ കാരണമുണ്ട്. ഈയിടെ വാട്ട്സാപ്പിലൂടെ ലഭിച്ച ഒരു വിഡിയൊ കാണുകയുണ്ടായി. വിദേശത്തുനിന്നു വരുന്ന നാട്ടുകാരെ പിഴിഞ്ഞ് പണമുണ്ടാക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കാര്യമാണ് അതിൽ പരാമർശിക്കുന്നത്. വളരെക്കാലത്തെ ശ്രമഫലമായി പണം സ്വരൂപിച്ച് വിലപിടിപ്പുള്ള എന്തെങ്കിലും മേടിച്ചു നാട്ടിലേക്കു കൊണ്ടുവന്നാൽ ഇവർ പിടി വീഴുകയായി. ഒരു വലിയ ടെലിവിഷൻ കൊണ്ടുവന്ന വ്യക്തിയോട് അതു കൊണ്ടുപോകാന്‍ അനുവദിക്കാനായി 25000 രൂപ ചോദിച്ച കാര്യവും അതു കൊടുക്കാത്തതുകൊണ്ട് ആ ടെലിവിഷന്‍ തടഞ്ഞുവച്ച കാര്യവുമാണ് വിഡിയൊയി‍‍ല്‍ വിശദീകരിക്കുന്നത്. തെണ്ടികൾ (ഭിക്ഷക്കാർ) എന്നാണ് ആ വ്യക്തി ഉദ്യോഗസ്ഥരെ വിശേഷിപ്പിച്ചത്. അവർക്ക് സർക്കാർ ശംബളം കൊടുക്കുന്നില്ലെങ്കിൽ വിമാനത്താവളത്തിൽ ഒരു പെട്ടി വച്ചാൽ പണമുള്ളവർ സംഭാവന കൊടുക്കും എന്ന് അദ്ദേഹം പറയുന്നു. (ഇതി‍ൽ വിഡിയൊ സൗകര്യമില്ലാത്തതിനാൽ അതിവിടെ സ്ഥാപിക്കാനാകുന്നില്ല. അതെവിടെയെങ്കിലും അപ്‍ലോഡ് ചെയ്തശേഷം ഇവിടെ കണ്ണി കൊടുക്കാം.)

ഇത്തരത്തിൽ പെരുമാറിയാൽ ജനങ്ങൾ ഇങ്ങനെയെല്ലാം പറയുമെന്ന് ഈ ഉദ്യോഗസ്ഥർക്ക് അറിയാത്തതാണോ? ആണെന്ന് എനിക്കു തോന്നുന്നില്ല. ആര് എന്തുവേണമെങ്കിൽ വിചാരിക്കുകയോ പറയുകയോ ചെയ്തോട്ടെ. എനിക്ക് ഒന്നുമില്ല എന്ന ചിന്തതന്നെ ആവണം. “ഒരു ഉളുപ്പുമില്ലാതെ പണം ചോദിക്കുന്നു” എന്ന് വിഡിയൊയിൽത്തന്നെ പറയുന്നുണ്ട്. ആ “ഉളുപ്പ്” ഇല്ലായ്മ തന്നെയല്ലേ ഇങ്ങനെ പണത്തിനുവേണ്ടി യാചിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്? കുറച്ചുകാലം മുമ്പൊക്കെ പണത്തിനുപിന്നാലെ ഇങ്ങനെ പോകാൻ മിക്കവർക്കും മടിയായിരുന്നു. കാരണം, അത് അവരുടെ ആത്മാഭിമാനത്തിനു കേടുവരുത്തുമായിരുന്നു. ഇന്നെന്തേ അതു സംഭവിക്കാത്തത്, അല്ലെങ്കിൽ ആരും അത് കണക്കിലെടുക്കാത്തത്? എനിക്കു തോന്നുന്നത് ഇപ്രകാരമാണ്: ഇന്ന് സമൂഹത്തിനു മൊത്തമായി ആത്മാഭിമാനം നഷ്ടമായിരിക്കുന്നു. എന്റെ ഒരു സുഹൃത്തു പറയുമായിരുന്നു, “പണ്ടൊക്കെ ഒരാളൊരു ജോലിചെയ്താൽ അത് ഭംഗിയായി ചെയ്തതിൽ അഭിമാനിക്കുകയും മറ്റുള്ളവരോട് അതേപ്പറ്റി പറയുകയും ചെയ്യുമായിരുന്നു. ഇന്ന് കഴിവതും വേഗം എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയിട്ട കഴിയുന്നത്ര പണവും വാങ്ങി സ്ഥലംവിടണം.” എന്ന ചിന്തയാണ് മിക്കവർക്കും. അത് കല്ലാശാരിമുതൽ ശില്പിയും എഞ്ചിനിയറും വരെ അങ്ങനെയൊക്കെത്തന്നെയല്ലേ? മൂന്നുതരത്തിൽ വേണമെന്ന് ആവശ്യപ്പെട്ട മൂന്നു കൂട്ടരെയും തൃപ്തിപ്പെടുത്തിക്കൊണ്ടു നീളത്തിലും വട്ടത്തിലും ചതുരത്തിലും ഉള്ള കുളം കുഴിച്ച പെരുന്തച്ചന്റെ ഈ നാടിന് എന്തു സംഭവിച്ചു? ചിന്തിക്കേണ്ട കാര്യമല്ലേ? എന്തുകൊണ്ടാണ് ഒരു പരിചയവുമില്ലാത്തവരോട് പണമാവശ്യപ്പെടാൻ മടി തോന്നാത്തത്? ഇതെങ്ങനെ തുടങ്ങി? ഒരു ട്രാൻസ്ഫറിനൊ ഒരു ഉദ്യോഗക്കയറ്റത്തിനൊ വേണ്ടി ഏതെങ്കിലുമൊരു പാർട്ടിയുടെ ഛേട്ടാ നേതാവിന്റെ വീട്ടിൽപ്പോയി കാവലിരുന്ന് അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി വിടുപണിയെടുക്കാനും “മാമാപ്പണി” ചെയ്യാനും മടിയില്ലാത്ത ഒരു കൂട്ടം നമ്മുടെ സമൂഹത്തിൽ എങ്ങനെയുണ്ടായി? ഇതൊക്കെത്തന്നെയല്ലേ നമ്മുടെ കഷ്ടപ്പാടുകൾക്കു കാരണം?