ചൊവ്വയും മംഗള്‍യാനും

(2014 സെപ്റ്റംബര്‍ 24ലെ തേജസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

മംഗള്‍യാന്‍ ചൊവ്വാഗ്രഹത്തില്‍ എത്തിച്ചേര്‍ന്നതിന്റെ ആഹ്ലാദത്തിലാണല്ലോ ഭാരതീയര്‍ മുഴുവനും. ഈ ആഹ്ലാദത്തിമിര്‍പ്പിനിടയില്‍, ചൊവ്വ തികച്ചും അജ്ഞാതമായ ഗ്രഹമാണെന്നും നമ്മളാണു് ഇനി ലോകത്തിനു് ചൊവ്വയെ മനസ്സിലാക്കിക്കൊടുക്കാന്‍ പോകുന്നതു് എന്നു് ചിലരെങ്കിലും സങ്കല്പിച്ചിട്ടുണ്ടു്. എന്താണു് ചൊവ്വാഗ്രഹം, എന്താണു് മംഗള്‍യാന്‍ നമുക്കുവേണ്ടി കണ്ടെത്താന്‍ ശ്രമിക്കുന്നതു് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നമുക്കു് പരിശോധിക്കാം.

പണ്ടുകാലം തൊട്ടേ മനുഷ്യനു് ചൊവ്വയോടു് ഒരു പ്രത്യേകസ്നേഹമുണ്ടായിരുന്നു എന്നു തോന്നുന്നു. നമുക്കു് ചൊവ്വ ദോഷങ്ങള്‍ തരുന്ന ഗ്രഹമാണു്. പാവം ഗ്രഹം അനേകം സ്ത്രീകളുടെ ശാപം നേടിയിട്ടുണ്ടാകും. ഗ്രീക്ക്-റോമന്‍ പുരാണങ്ങളില്‍ യുദ്ധത്തിന്റെ ദേവനാണു് മാഴ്സ്. ജീവനുണ്ടായിരിക്കാന്‍ സാദ്ധ്യതയുള്ള ഒരു ഗ്രഹമായി പണ്ടേ പലരും ചൊവ്വയെ കണ്ടിരുന്നു. എച്ച്.ജി. വെല്‍സിന്റെ `വാര്‍ ഓഫ് ദ വേള്‍ഡ്സ്’ (War of the Worlds) എന്ന നോവലില്‍ ചൊവ്വയില്‍നിന്നുള്ള ജീവികള്‍ ഭൂമിയെ ആക്രമിക്കാന്‍ വരുന്നതായാണു് സങ്കല്പിച്ചിരിക്കുന്നതു്. ചൊവ്വ കഥയുടെ ഭാഗമായിട്ടുള്ള പല നോവലുകളും ചലച്ചിത്രങ്ങളും ഉണ്ടായിട്ടുണ്ടു്. ചൊവ്വയില്‍ ജലപാതകളുണ്ടെന്നു് പത്തൊമ്പതാംനൂറ്റാണ്ടില്‍ ജിയോവാനി ഷിയാപാരെല്ലി (Giovanni Schiaparelli, 1835-1910) എന്ന ഇറ്റാലിയന്‍ ജ്യോതിശ്ശാസ്ത്രജ്ഞന്‍ പ്രഖ്യാപിച്ചു. പലരും ഇതു നിരീക്ഷിക്കുകയും അതിന്റെ വിശദമായ ചിത്രങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. അമേരിക്കന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ പെഴ്‌സിവല്‍ ലോവല്‍ (Percival Lowell, 1855-1916) ഈ ആശയത്തിനു് കാര്യമായ പ്രചാരണം നല്‍കുകയും ജലപാതകള്‍ അവിടെ ജീവിക്കുന്ന ബുദ്ധിയുള്ള ജീവികള്‍ കാര്‍ഷികാവശ്യത്തിനു നിര്‍മ്മിച്ചതാണെന്നുവരെ അഭിപ്രായപ്പെടുകയും ചെയ്തു. ചൊവ്വയില്‍ ജലപാതകളുണ്ടെങ്കില്‍ അവ ഭൂമിയില്‍നിന്നു് ദൂരദര്‍ശിനിയിലൂടെ ദൃശ്യമാവില്ലെന്നും ജലപാതകളെന്നു വിചാരിച്ചതു് അന്തരീക്ഷത്തിലൂടെ കടന്നുവരുമ്പോള്‍ പ്രകാശത്തിനുണ്ടാകുന്ന വ്യതിയാനങ്ങളുടെ ഫലമാണെന്നും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ തിരിച്ചറിയാനായി. എന്നാല്‍ പണ്ടെങ്ങോ ഒരുകാലത്തു് അവിടെ ജലം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ സ്വയംപ്രവര്‍ത്തിക്കുന്ന പര്യവേക്ഷണികളില്‍നിന്നും ഭൂമിയില്‍നിന്നു നടത്തിയ റഡാര്‍ പഠനങ്ങളില്‍നിന്നും ലഭിച്ചിട്ടുണ്ടു്.

ഭൂമിയുമായോ ശുക്രനുമായോ താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ചെറിയ ഗ്രഹമാണു് ചൊവ്വ. ഭൂമിയുടെ ഏതാണ്ടു് പകുതി വലുപ്പമേ ചൊവ്വയ്ക്കുള്ളൂ. അതിന്റെ പിണ്ഡമാണെങ്കില്‍ ഏതാണ്ടു് പത്തിലൊന്നും. അതുകൊണ്ടു് അതിന്റെ ഗുരുത്വാകര്‍ഷണബലം (ഉപരിതലത്തില്‍) ഭൂമിയുടേതിന്റെ ഏതാണ്ടു് 37.5% മാത്രമാണു്. തല്‍ഫലമായി ചൊവ്വയ്ക്കു് അന്തരീക്ഷത്തെ പിടിച്ചുനിര്‍ത്താനുള്ള കഴിവു് അത്രകണ്ടു് കുറവാണു്. എന്നാല്‍ സൂര്യനില്‍നിന്നുള്ള ദൂരം ഭൂമിയേക്കാള്‍ വളരെ കൂടുതലായതിനാല്‍ ആ ഗ്രഹത്തിലെ താപനിലയും സൌരവാതത്തിന്റെ തീവ്രതയും അത്രകണ്ടു് കുറവാണു്. ചൊവ്വയുടെ ഉപരിതലം ഭൂമിയുടേതിനോടു താരതമ്യപ്പെടുത്താവുന്നതാണു്. ഇപ്പോഴവിടെ ജലം ദൃശ്യമല്ലെങ്കിലും സമുദ്രങ്ങളെ അനുസ്മരിപ്പിക്കുന്ന തടങ്ങളും വലിയ നദികള്‍ ഒഴുകിയതുപോലുള്ള ചാലുകളും അമേരിക്കയിലെ ഗ്രാന്‍ഡ് കാന്യനെ (Grand Canyon) നിഷ്‌പ്രഭമാക്കുന്ന മലയിടുക്കുകളും ഉപഗ്രഹചിത്രങ്ങളില്‍നിന്നു് കാണാനായിട്ടുണ്ടു്. ഇപ്പോള്‍ ചൊവ്വയില്‍ ദ്രാവകാവസ്ഥയിലുള്ള ജലം ഉണ്ടായിരിക്കാനുള്ള സാദ്ധ്യത തീരെ കുറവാണെങ്കിലും ഏതോ ഒരു കാലത്തു് അവിടെ ജലം ഉണ്ടായിരുന്നു എന്നുതന്നെയാണു് ഇതെല്ലാം സൂചിപ്പിക്കുന്നതു്. വളരെ നേരിയ അന്തരീക്ഷമര്‍ദ്ദം കാരണം ജലം അവിടെനിന്നു് എളുപ്പത്തില്‍ നഷ്ടമാകാം. എന്നാല്‍ മണ്ണിനടിയിലും പാറകള്‍ക്കിടയിലുമായി കുറെ ജലം ഉണ്ടായിരിക്കാന്‍ സാദ്ധ്യതയുണ്ടു് എന്നു കരുതുന്നു. ചൊവ്വയുടെ ധ്രുവങ്ങളിലുള്ള ഐസ് തൊപ്പികളില്‍ കൂടുതലും ജലമാണെന്നു കരുതപ്പെടുന്നു. ഇവയുടെ മുകളില്‍ താരതമ്യേന കട്ടി കുറഞ്ഞ ഖര കാര്‍ബണ്‍ ഡയോക്സൈഡ് പാളികളുണ്ടു്. ചൊവ്വയ്ക്കു് രണ്ടു ചെറിയ ഉപഗ്രഹങ്ങളുണ്ടു്—ഫോബോസും (Phobos) ഡീമോസും (Deimos). റോമന്‍ ദേവന്‍ മാഴ്സിന്റെ ഗ്രീക്ക് പുരാണത്തിലെ തുല്യനായ ഏറീസിന്റെ പുത്രന്മാരാണു് ഇവര്‍.

മറ്റു് ബഹിരാകാശ പരീക്ഷണങ്ങളുടെ കാര്യത്തിലെന്നതുപോലെ ചൊവ്വയുടെ പര്യവേക്ഷണത്തിനും ആദ്യം ശ്രമിച്ചതു് സോവിയറ്റ് യൂണിരയനാണു്. 1960 ഒക്‌ടോബര്‍ 10നു് മാഴ്സ്-1 എന്നുപേരിട്ടിരുന്ന പര്യവേക്ഷിണി വിക്ഷേപണസമയത്തുതന്നെ പരാജയപ്പെട്ടു. അമേരിക്കയുടെ മാരിനര്‍ 8, 9 എന്നീ പര്യവേക്ഷിണികളേക്കാള്‍ മുമ്പേ ചൊവ്വയിലെത്താനായി അവര്‍ കോസ്‌മോസ്-419 (Kosmos 419) എന്നൊരു പര്യവേക്ഷിണി 1971 മെയ് 10നു് വിക്ഷേപിച്ചു. ചൊവ്വയെ പ്രദക്ഷിണംവച്ചുകൊണ്ടു് നിരീക്ഷണങ്ങള്‍ നടത്തുക എന്നതായിരുന്ന ഉദ്ദേശ്യം. എന്നാലതു് ഭൂമിയുടെ ഭ്രമണപഥംവിട്ടു് പോയില്ല. അടുത്ത രണ്ടു് പര്യവേക്ഷിണികളായ മാഴ്സ്-2ഉം 3ഉം (Mars-2 Mars-3) ഈരണ്ടു് ഭാഗങ്ങളുള്ളവയായിട്ടായിരുന്നു വിഭാവനചെയ്തതു്. അവയില്‍ ഒരു ഭാഗം ചൊവ്വയെ പ്രദക്ഷിണംവയ്ക്കുകയും മറ്റേതു് ചൊവ്വയില്‍ ഇറങ്ങുകയും ചെയ്യുക എന്നതായിരുന്നു ഉദ്ദേശ്യം. രണ്ടു് പര്യവേക്ഷിണികളും വിജയകരമായിത്തന്നെ വിക്ഷേപിച്ചു. അങ്ങനെ ചൊവ്വയുടെ സമീപത്തെത്തുന്ന ആദ്യത്തെ മനുഷ്യനിര്‍മ്മിത ഉപഗ്രഹമായിത്തീരാനുള്ള ഭാഗ്യം സിദ്ധിച്ചതു് മാഴ്സ്-2ന്റെ ചൊവ്വയിലിറങ്ങാനുദ്ദേശിച്ചിരുന്ന ഭാഗത്തിനാണു്. അതിനു് സാവധാനം ഇറങ്ങാനായില്ല. പകരം ഉപരിതലത്തില്‍ വീണുതകരുകയായിരുന്നു. എന്നാല്‍ മാഴ്സ്-3ന്റെ ഭാഗം വിജയകരമായി ചൊവ്വയുടെ ഉപരിതലത്തില്‍ സാവധാനം ഇറങ്ങുകയും പതിനഞ്ചു സെക്കന്റോളം സമയത്തേക്കു് വിവരങ്ങളയയ്ക്കുകയും ചെയ്തു. തുടര്‍ന്നു്, ചൊവ്വയെ പ്രദക്ഷിണംവയ്ക്കാനായി മാഴ്സ്-4, 5 എന്നീ പര്യവേക്ഷിണികളും സമീപത്തുകൂടു കടന്നുപോകുകയും ഒരു പര്യവേക്ഷിണിയെ ഗ്രഹത്തിലിറക്കുകയും ചെയ്യാനായി മാഴ്സ്-6, 7 എന്നിവയും സോവിയറ്റ് യൂണിയന്‍ വിജയകരമായി വിക്ഷേപിക്കുകയുണ്ടായി. ഇവയില്‍ ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ നമുക്കു നല്‍കിയതു് മാഴ്സ്-5 ആണു്. അതിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിനുമുമ്പു് നമുക്കു് 60 ചിത്രങ്ങളാണു് ലഭിച്ചതു്.

പിന്നീടു് അമേരിക്കയുടെ മാരിനര്‍-3 (Mariner-3 വിക്ഷേപണസമയത്തെ പ്രശ്നംമൂലം പരാജയപ്പെട്ടു. എന്നാല്‍ മാരിനര്‍-4 \engmal{(Mariner-4}1964 നവംബര്‍ 28നു് വിജയകരമായി വിക്ഷേപിക്കപ്പെടുകയും ചൊവ്വയുടെ സമീപത്തെത്തി ചിത്രങ്ങളയയ്ക്കുകയും ചെയ്തു. മാത്രമല്ല, ചൊവ്വയിലെ അന്തീക്ഷമര്‍ദ്ദം ഭൂമിയുടേതിന്റെ നൂറിലൊന്നേയുള്ളൂ എന്നും ഉപരിതലത്തിലെ താപനില -100 °C ആണെന്നും തിട്ടപ്പെടുത്തി. അതോടെ, പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ബുദ്ധിമുട്ടാവും അവിടെ മനുഷ്യനു് വസിക്കാന്‍ എന്നു് മനസ്സിലാകുകയും ചെയ്തു. പിന്നീടു് അമേരിക്കയുടെതന്നെ വൈക്കിംഗ്-1,2 (Viking-1,2), പാത്‌ഫൈന്‍ഡര്‍ (Pathfinder), മാഴ്സ് ഗ്ലോബല്‍ സര്‍വ്വേയര്‍ (Mars Global Surveyor), തുടങ്ങിയ പര്യവേക്ഷിണികളും ആ ഗ്രഹത്തെക്കുറിച്ചുള്ള വളരെയേറെ വിവരങ്ങള്‍ നമുക്കു നല്‍കിയിട്ടുണ്ടു്.

ആ നിലയ്ക്കു് മംഗള്‍യാന്‍ എന്താണു് പുതുതായി കണ്ടെത്താന്‍ ശ്രമിക്കുന്നതു് എന്ന ചോദ്യം പ്രസക്തമാകുന്നു. നമ്മില്‍നിന്നു് ഇത്രയേറെ ദൂരത്തുള്ള ഒരു ലോകത്തെക്കുറിച്ചു് പഠിക്കുക എന്നതു് വളരെ കഷ്ടമുള്ളതാണെന്ന കാര്യം വ്യക്തമാണല്ലോ. അവിടത്തെ മണ്ണിനെക്കുറിച്ചോ വായുവിനെക്കുറിച്ചോ എന്തെങ്കിലും പഠിക്കണമെങ്കില്‍ വേണ്ടിവരുന്ന സമയവും ചെലവും എത്രയാണെന്നു് ഊഹിക്കാവുന്നതല്ലേയുള്ളൂ. നാം ജീവിക്കുന്ന ഈ ഭൂമിയെക്കുറിച്ചുതന്നെ എന്തെല്ലാം മനസ്സിലാക്കാന്‍ നമുക്കായിട്ടില്ല! വല്ലപ്പോഴുമൊരിക്കല്‍ കുറച്ചുനാളത്തേക്കുമാത്രം നേരത്തേ തീരുമാനിച്ച കുറച്ചു പരീക്ഷണങ്ങള്‍ മാത്രം നടത്താനാണു് മറ്റു ഗ്രഹങ്ങളില്‍ നമുക്കാവുക. അപ്പോള്‍ എന്തെല്ലാം ഇനിയും ഒളിഞ്ഞുകിടക്കുന്നുണ്ടാവും!

ഇനി എന്താണു് മംഗള്‍യാന്‍ ചെയ്യാനുദ്ദേശിക്കുന്നതു് എന്നു് പരിശോധിക്കാം. ഇത്തരം സാങ്കേതികവിദ്യ പ്രയോഗത്തിലൂടെ സ്വായത്തമാക്കുക എന്നതു് ഇതിന്റെ പ്രധാനപ്പെട്ട ഉദ്ദേശ്യമാണു്. കൂടാതെ ശാസ്ത്രീയമായി, ചൊവ്വയുടെ ഉപരിതലത്തിലെ പ്രത്യേകതകള്‍ (features), രൂപശാസ്ത്രം (morphology), ധാതുശാസ്ത്രം (mineralogy), തുടങ്ങിയവ പഠിക്കുക, നമ്മള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ശാസ്ത്രീയ ഉപകരണങ്ങളുപയോഗിച്ചു് ചൊവ്വയുടെ അന്തരീക്ഷം പഠിക്കുക, തുടങ്ങിയവയാണു് ഐഎസ്ആര്‍ഓയുടെ വെബ്‌സൈറ്റില്‍ പറയുന്ന ലക്ഷ്യങ്ങള്‍. കൂടാതെ, ചൊവ്വയുടെ അന്തരീക്ഷത്തില്‍ മീഥേന്‍ വാതകം കണ്ടതായി 2003-2004 കാലഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഭൂമിയില്‍ മീഥേനുണ്ടാകുന്നതു് പ്രധാനമായും ജൈവസ്രോതസ്സുകളില്‍നിന്നാണു്. പല ജീവികളുടെയും വയറ്റില്‍ മീഥേന്‍ ഉണ്ടാകുന്നുണ്ടു്. കൂടാതെ ചില സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്താലും ഈ വാതകമുണ്ടാകുന്നുണ്ടു് സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ മീഥേന്‍വാതകത്തെ വിഘടിപ്പിക്കേണ്ടതാണു്. ഈ സാഹചര്യത്തില്‍ ചൊവ്വയില്‍ മീഥേനുണ്ടെങ്കില്‍ അതിനു് വളരെയേറെ പ്രാധാന്യമുണ്ടു്. ഇക്കാര്യം പരിശോധിക്കുക എന്നതു് മംഗള്‍യാനിന്റെ ഒരു ദൌത്യമാണു്. പര്യവേക്ഷിണി ചൊവ്വയിലെത്തുക എന്നതുതന്നെ ഭാരതത്തിനു് വളരെ അഭിമാനിക്കാവുന്ന നേട്ടമാണു്. അവിടെ മീഥേനുണ്ടോ എന്നുള്ള ചോദ്യത്തിനു് ഉത്തരം കണ്ടെത്താനുകൂടി കഴിഞ്ഞാല്‍ അതു് തികച്ചും അന്യാദൃശമായ ഒരു നേട്ടമായിരിക്കും. ബഹിരാകാശപര്യവേക്ഷണരംഗത്തെ നേതൃനിരയിലേക്കു് ഭാരതത്തെ അതു് കയറ്റിവിടുമെന്നുവേണം കരുതാന്‍.

(ഈ ലേഖനം ക്രിയേറ്റിവ് കോമണ്‍സ്\eng  by-sa\mal  ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Advertisements