ശബരിമലയിൽ സ്ത്രീകൾക്കു കടക്കാനുള്ള അനുവാദവും അതിന്റെ അനന്തരഫലങ്ങളും

ഏതുപ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുമതി നൽകിക്കൊണ്ടു് സുപ്രീംകോടതി വിധിച്ചതു് പല ഹിന്ദുമതവിശ്വാസികൾക്കും പ്രകടമായി ഇഷ്ടമായില്ല. അതേത്തുടർന്നു് അങ്ങനെ സ്ത്രീകൾ പ്രവേശിച്ചാലുണ്ടാകാവുന്ന ദോഷഫലങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങൾ പ്രചരിക്കാനാരംഭിച്ചു. അവയിൽ പലതിനും യുക്തിയൊ ചരിത്രപരമായ സത്യാവസ്ഥയൊ ഇല്ലായിരുന്നു എന്നതു് വലിയ തമാശയായി കാണാനാകും, ഭക്തിയാൽ അന്ധരായിട്ടില്ലാത്തവർക്കു്. എനിക്കു ലഭിച്ച അത്തരമൊരു സന്ദേശമാണു് ഇവിടെ ഞാൻ “പൊളിച്ചടുക്കാൻ” ശ്രമിക്കുന്നതു്. ദാ വായിക്കൂ:

ലഭിച്ച സന്ദേശം

അയ്യപ്പ സ്വാമിയും മൌണ്ട് ബാറ്റൺ പ്രഭുവും സ്ത്രീകളുടെ ശബരിമല സന്ദർശനവും
—————————————————————————–

കേരളം മുഴുവൻ പ്രളയ ദുരന്തത്തിൽ മുങ്ങിയ ഈ സമയത്തു ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എന്ന് വിചാരിച്ചതല്ല. വേണ്ട എന്ന് പലപ്രാവശ്യം കരുതിയതാണ്. പക്ഷെ ചിലരുടെ ഈശ്വരനിന്ദയും അയ്യപ്പസ്വാമിയോടുള്ള അവഹേളനവും കണ്ടു സങ്കടം സഹിക്കാനായില്ല. ക്ഷമിക്കണം. വേറെ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഇതെഴുതുന്നത്. നിങ്ങൾക്ക് പലർക്കും അറിയാവുന്ന സത്യകഥയാണ് ഇത്. ഞാൻ പണ്ട് എല്ലാ കൊല്ലവും മണ്ഡലകാലത്തു ശബരിമലക്ക് പോകുമ്പോൾ ഗുരുസ്വാമിമാർ പറഞ്ഞു തരാറുള്ള കഥ.

ഇതിപ്പോൾ പറയാൻ കാരണം ശബരിമല ക്ഷേത്രത്തിലെ പരമ്പരാഗത ആചാരങ്ങളെ ധിക്കരിച്ചു സ്ത്രീകൾക്ക് പ്രവേശനം നൽകുമെന്നു ഹിന്ദു വിരുദ്ധരായ കമ്മ്യൂണിസ്റ് സർക്കാർ പ്രഖ്യാപിച്ചതാണല്ലോ. ശ്രീ ധര്‍മശാസ്താവിന്റെ അംശമായ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആയതിനാല്‍ അവിടെ ഋതുമതികളായ വനിതകള്‍ വരാന്‍ പാടില്ല എന്നാണ് നമ്മുടെ വിശ്വാസം. ആചാരങ്ങളെ ലംഘിച്ചുകൊണ്ട് ഒരിക്കൽ ധിക്കാരിയായ ഒരു യുവതി ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കുകയും അവരെ ഭഗവാൻ ശിക്ഷിക്കുകയും ചെയ്ത കഥയാണ് ഞാൻ ഇവിടെ വിവരിക്കുന്നത്. ഇന്നത്തെ വെള്ളപ്പൊക്കം കണ്ടു പരിഭ്രമിക്കുന്നവർക്ക്‌ ഇതൊരു ചെറിയ താക്കീതു മാത്രം. അയ്യപ്പ സ്വാമിക്കെതിരെ യുദ്ധം ചെയ്യുന്ന കമ്യൂണിസ്റ്റുകാരും നിരീശ്വരവാദികളും ഫെമിനിസ്റ്റുകളും ഇത് മനസ്സിലാക്കിയാൽ നിങ്ങള്ക്ക് കൊള്ളാം.

128 വര്ഷം മുമ്പ് ആണ് സംഭവം നടന്നത്. അന്ന് അതായത് 1890 ൽ ഭാരതം ഭരിച്ചിരുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനിയും, തിരുവിതാംകൂർ ഭരിച്ചിരുന്നത് ധർമരാജാവ് എന്നറിയപ്പെടുന്ന അവിട്ടം തിരുനാൾ രാമവർമയും. ഹൈന്ദവ ധർമത്തെയും ക്ഷേത്രാചാരങ്ങളെയും അങ്ങേയറ്റം ബഹുമാനത്തോടെയാണ് അവിട്ടം തിരുനാൾ മഹാരാജാവ് സംരക്ഷിച്ചിരുന്നതു. അശുദ്ധിയുള്ളവർ ഒരിക്കലും ക്ഷേത്രങ്ങളിൽ പ്രവേശിക്കരുത് എന്ന കാര്യത്തിൽ മഹാരാജാവിനു നിർബന്ധമുണ്ടായിരുന്നു. അതേസമയം എങ്ങനെയെങ്കിലും ഹിന്ദുമതത്തെ ക്ഷീണിപ്പിക്കണം എന്നുറച്ചു കരുക്കൾ നീക്കുകയായിരുന്നു അന്നത്തെ കാലത്തു നമ്മുടെ അയൽരാജ്യമായ മൈസൂർ ഭരിച്ചിരുന്ന സുൽത്താൻ ഹൈദർ അലിയും ഉഗ്രപ്രതാപികളായ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വൈസ്രോയി ആയിരുന്ന മൌണ്ട് ബാറ്റൺ പ്രഭുവും.

നിർഭാഗ്യവശാൽ ഹിന്ദുവിരുദ്ധ ശക്തികളുടെ കൂട്ടത്തിൽ ഒരാളുകൂടെ ഉണ്ടായിരുന്നു. 1882 – 1898 കാലത്തു തിരുവിതാംകൂർ ദിവാൻ ആയിരുന്ന സർ പട്ടാഭി സുന്ദരയ്യർ. തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ നിന്നുള്ള പ്രഗത്ഭ നിയമജ്ഞൻ. പക്ഷെ അദ്ദേഹം തികഞ്ഞ മദ്യപാനിയും സിഗരറ്റു വലിക്കുന്നവനും നിരീശ്വരവാദിയും ആയിരുന്നു. ജർമനിയിലെ ആൽബർട്ട് ഐൻസ്റ്റീനും USSR ലെ ലെനിനും ആയിരുന്നു സുന്ദരയ്യരുടെ കൺകണ്ട ദൈവങ്ങൾ.

അദ്ദേഹത്തിന്റെ ഏക മകൾ മിസ് സുഗന്ധി അയ്യർ ചെന്നൈയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പേരുകേട്ട വക്കീൽ ആയിരുന്നു. അവിവാഹിതയും അഹങ്കാരിയും നിരീശ്വരവാദിയും ആയ സുഗന്ധിക്കു ഹൈന്ദവ വിശ്വാസങ്ങളോട് പരമ പുഛം. നൊബേൽ സമ്മാനം ലഭിച്ച വനിതാ ശാസ്ത്രജ്ഞ മേരി ക്യൂറിയോടായിരുന്നു മിസ് സുഗന്ധി അയ്യർക്ക് വലിയ ആരാധന.

ആയിടക്കാണ് മൌണ്ട് ബാറ്റൺ പ്രഭു കേരളം സന്ദർശിക്കാൻ എത്തിയതു. മൈസൂർ രാജ്യത്തെ ഹൈദർ അലിയുടെ മുസ്‌ലിം സേന അന്ന് മംഗലാപുരം കീഴടക്കി ഹിന്ദുക്കളെ ക്രൂരമായി കശാപ്പു ചെയ്യുന്ന കാലം. ഹൈദർ അലി എപ്പോൾ തങ്ങളെ ആക്രമിക്കും എന്നറിയാതെ കാസർകോഡ് മുതൽ കൊച്ചി വരെയുള്ള പ്രദേശത്തെ ഹിന്ദുക്കൾ ഭീതിയോടെ കഴിയുന്നു. 1890 കളിൽ ഹൈദരാലിയുടെ ആക്രമണം ഭയന്ന് പല ഹിന്ദു തമ്പുരാക്കന്മാരും വലിയ മനകളിലെ നമ്പൂതിരിമാരും നായർ പ്രമാണിമാരും മറ്റും തിരുവിതാംകൂറിലേക്കു പലായനം ചെയ്യുകയായിരുന്നു.

മലബാറും കൊച്ചിയും തിരുവിതാംകൂറും കണ്ടതിനു ശേഷം തിരികെ ഡൽഹിയിലേക്ക് പോകുന്നതിനു മുമ്പ് മൌണ്ട് ബാറ്റൺ പ്രഭുവിന് ശബരിമല സന്ദർശിക്കാൻ ഒരു മോഹം. ഹൈന്ദവ ധർമ്മത്തെ ക്ഷീണിപ്പിക്കാൻ ആണ് മൌണ്ട് ബാറ്റൺ പ്രഭു ശബരിമലയിൽ വരുന്നതെന്ന് മനസ്സിലാക്കിയ തിരുവിതാംകൂർ മഹാരാജാവും തിരുവിതാംകൂർ ദേവസ്വം ബോർഡും അദ്ദേഹത്തിന്റെ വരവിനോട് അധികം സഹകരിച്ചില്ല. പക്ഷെ നാസ്തികനായ ദിവാൻ സർ പട്ടാഭി സുന്ദരയ്യർക്ക് അദ്ദേഹത്തെ അകമ്പടി സേവിക്കാൻ സന്തോഷമായിരുന്നു. ദിവാൻ തന്റെ മകളെയും ഒപ്പം കൂട്ടി. ഹിന്ദുക്കളെ പരിഹസിക്കാൻ ആണ് മൌണ്ട് ബാറ്റൺ പ്രഭു വരുന്നതെന്ന് മനസ്സിലാക്കിയ മിസ് സുഗന്ധി അയ്യർക്ക് അദ്ദേഹത്തെ അനുഗമിക്കാൻ പരമസന്തോഷമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മൌണ്ട് ബാറ്റൺ പ്രഭു തന്റെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചെറിയ “ഫോക്കർ ഫ്രണ്ട്ഷിപ്” എന്ന ചെറിയ ഔദ്യോഗിക വിമാനത്തിൽ കൊച്ചി ബോൾഗാട്ടി പാലസിലെ വിമാനത്താവളത്തിൽ വന്നിറങ്ങി. കൊച്ചിയിൽ അദ്ദേഹത്തെ ദിവാനും മകളും സ്വാഗതം ചെയ്തു. കൊച്ചിയിൽ നിന്ന് കോട്ടയം വരെ മൂവരും യാത്ര തീവണ്ടിയിൽ പ്രത്യേകം തയ്യാറാക്കിയ ട്രാവൻകൂർ കമ്പാർട്മെന്റിൽ ആയിരുന്നു.

കോട്ടയത്ത് നിന്ന് എരുമേലി വരെ കാളവണ്ടിയിൽ ആണ് യാത്ര. ഒപ്പം വാളും പരിചയും ഉള്ള തിരുവിതാംകൂർ നായർ പടയാളികളുടെ അകമ്പടി ഉണ്ടായിരുന്നു. അന്ന് 1890 കളിൽ കാറും ബസും ഇല്ലായിരുന്നല്ലോ. വഴികളിൽ അങ്ങിങ്ങായി മഹാത്‌മാ ഗാന്ധിയുടെ ചിത്രങ്ങൾ ചുവരുകളിൽ വരച്ചിരുന്നു. അങ്ങിങ്ങായി ചെറിയ ഗ്രാമങ്ങളും അമ്പലങ്ങളും ടോക്കീസ് എന്ന പേരിൽ അറിയപ്പെടുന്ന സിനിമാ പ്രദർശന ശാലകളും കാണാം. വിജനമായ വഴിയിൽ ഭയാനകമായ ഇരുട്ട് പലയിടത്തും. ഖിലാഫത് ലഹളയും തിരൂർ വാഗൻ ട്രാജെടിയും തിരുവിതാംകൂർ പോലീസിന്റെ അതിക്രമങ്ങൾക്കും ശേഷം അന്ന് 1890 കളിൽ കേരളം മുഴുവൻ സംഘർഷാവസ്ഥ ആയിരുന്നു. പലർക്കും വഴിയിൽ യാത്ര ചെയ്യാൻ തന്നെ പേടി. പക്ഷെ നായർ പടയാളികളുടെ അകമ്പടി ഉള്ളതിനാൽ മൂവർക്കും യാതൊരു ഭയവും ഉണ്ടായില്ല.

പതുക്കെയുള്ള കാളവണ്ടി യാത്രയിൽ ഒരു നേരമ്പോക്കിന് ദിവാൻ തന്റെ റേഡിയോയിൽ നിന്ന് തമിഴ് സിനിമാ പാട്ടുകൾ വച്ചു. അന്ന് ട്രാൻസിസ്റ്റർ റേഡിയോ ഇല്ലാത്തതിനാൽ വാൽവ് റേഡിയോ ആയിരുന്നല്ലോ. ചെന്നൈയും സിലോണും മാത്രമേ റേഡിയോ സിഗ്നൽ ലഭിച്ചിരുന്നുള്ളൂ. അങ്ങനെ റേഡിയോ പാട്ടും കേട്ട് ഉല്ലാസത്തോടെ യാത്ര തുടർന്നു മൂവരും ഒപ്പം നായർ പടയാളികളും.

അവസാനം എരുമേലിയിൽ കാളവണ്ടി നിന്നു. അവിടെ നിന്ന് സന്നിധാനം വരെ ഘോര വനത്തിലൂടെ നടക്കണം. തടിയനായ മൌണ്ട് ബാറ്റൺ പ്രഭുവും വൃദ്ധനായ സർ പട്ടാഭി സുന്ദരയ്യരും കല്ലും മുള്ളും നിറഞ്ഞ പാതയിൽ നടക്കാൻ നന്നേ വിഷമിച്ചു. ചെറുപ്പക്കാരിയായ മിസ് സുഗന്ധി അയ്യർ പക്ഷെ അനായാസം നടന്നു.

എരുമേലിയില്‍നിന്ന് പമ്പവഴി അമ്പത് മൈൽ ദൂരം ഘോരവനത്തിലൂടെ നടക്കണം. അഞ്ചു ദിവസത്തെ യാത്ര. പന്തള രാജകുമാരനായ സാക്ഷാൽ മണികണ്ഠൻ പടയോട്ടം നടത്തിയ കുന്നും കാടും മേടും നിറഞ്ഞ പൂങ്കാവനം. കുത്തനെയുള്ള നീലിമല കയറ്റത്തിൽ ക്ഷീണിതരായ നായർ പടയാളികൾ അറിയാതെ വിളിച്ചുപോയി കരിമലകയറ്റം കഠിനമെന്റയ്യപ്പാ എന്ന മന്ത്രം. അവരുടെ ഭക്തി പുച്ഛത്തോടെ നോക്കി മൌണ്ട് ബാറ്റൺ പ്രഭുവും സുന്ദരയ്യരും മകളും. എല്ലാവരും നീലിമലയിൽ രാത്രി തമ്പടിച്ചു. അവർക്കു വേണ്ട ഭക്ഷണവും മറ്റും നായർ പടയാളികൾ സംഘടിപ്പിച്ചു.

പിറ്റേന്ന് എരുമേലി വാവരുപള്ളിയും ഇരുമ്പൂന്നിക്കര സുബ്രഹ്മണ്യക്ഷേത്രവും വഴി യാത്ര. പിന്നെ കോയിക്കക്കാവ്. അന്ന് അവിടെ രാത്രി തമ്പടിച്ചു. പിറ്റേ ദിവസം പിന്നെയും നടത്തം. അപ്പോഴേക്കും മൂന്ന് പേരും ക്ഷീണിച്ചു. വഴിയിൽ അരശുമുടിക്കോട്ട കണ്ടു. പിന്നെ കാളകെട്ടി ശിവക്ഷേത്രം. നായർ പടയാളികൾ ഭക്തിയോടെ ശിവനെ തൊഴുതു. മഹിഷിയെ നിഗ്രഹിച്ച് ആഹ്ളാദനൃത്തമാടിയ അയ്യപ്പനെ കാണാനെത്തിയ പരമശിവന്‍ സഞ്ചരിച്ചിരുന്ന കാളയെ കെട്ടിയ ആഞ്ഞിലിമരത്തെയും അവർ തൊഴുതു വണങ്ങി. മൂന്നാം ദിവസം കാളകെട്ടിയിൽ ആയിരുന്നു താമസം.

പിന്നെ അഴുതാനദിയുടെ താഴ്‌വാരത്തിലെത്തി. അഴുതയിലെ തെളിനീരിലായിരുന്നു എല്ലാവരും കുളി. നല്ല വെയിലിലും മലയിറങ്ങിവരുന്ന തണുത്ത കാറ്റു യാത്രാസംഘത്തിന്റെ ക്ഷീണത്തെ പമ്പ കടത്തി. മുന്നില്‍ രണ്ടു കിലോമീറ്റര്‍ കുത്തനെ കയറ്റമാണ് അഴുതമേട്. അഴുതയില്‍ കുളിച്ചുകയറുമ്പോള്‍ നായർ പടയാളികൾ കരുതിയ കല്ലു അയ്യപ്പന്‍ നിഗ്രഹിച്ച മഹിഷിയുടെ ജഡം സംസ്‌കരിച്ച കല്ലിടാംകുന്നില്‍ നിക്ഷേപിച്ചു. പാപമിറക്കി കര്‍പ്പൂരം കത്തിച്ചു വണങ്ങി. അന്ന് രാത്രി അവർ അവിടെ താങ്ങി. അഞ്ചാം ദിവസം ഇഞ്ചിപ്പാറ വഴി യാത്ര. അയ്യപ്പന്റെ ശത്രുവായിരുന്ന ഉദയനന്റെ കോട്ടയായിരുന്നു ഇഞ്ചിപ്പാറ കോട്ട. അടുത്തതു മുക്കുഴി. ശബരിമല എത്തുന്നതിന് മുമ്പ് അവസാനം കരിമലത്തോടിനരുകില്‍.

അങ്ങനെ അഞ്ചാം ദിവസം അവർ ശബരിമല സന്നിധാനത്തു എത്തി. നന്നേ ക്ഷീണിച്ച അവരെ സ്വീകരിക്കാൻ ശബരിമല തന്ത്രി ശ്രീ താഴ്‌മൺ കണ്ഠരര് വാമദേവര് വന്നിരുന്നു. തുളുനാടിൽ നിന്ന് വന്ന പരദേശി ബ്രാഹ്‌മണൻ. താല്പര്യം ഇലായിരുന്നു എങ്കിലും ദിവാൻ അദ്ദേഹത്തിന് നല്ല സംഖ്യ ദക്ഷിണ നൽകി. തന്ത്രിക്കു വലിയ സന്തോഷം. പണ്ഡിതനും സാത്വികനും പരമസാധുവും ആയ തന്ത്രിയുടെ ഇല്ലത്തു വളരെ കഷ്ടപ്പാടായിരുന്നു. അന്ന് കേരളത്തിൽ ശാന്തിക്കാർക്കും തന്ത്രികൾക്കും പൊതുവെ ദാരിദ്ര്യം ആണല്ലോ.

ശബരിമല ക്ഷേത്രത്തിനടുത്തു തിരുവിതാംകൂർ ദേവസ്വം ഗസ്റ്റ് ഹൌസിൽ ആയിരുന്നു അവരുടെ താമസം. ക്ഷേത്രത്തിലെ പ്രവർത്തനങ്ങളും കണക്കുകളും മറ്റും മൌണ്ട് ബാറ്റൺ പ്രഭുവും ദിവാൻ സുന്ദരയ്യരും ഒരുമിച്ചു പരിശോധിച്ചു. ആറു ദിവസത്തെ പരിശോധനക്ക് ശേഷം രണ്ടു പേർക്കും തൃപ്തിയായി. തിരികെ പോകാൻ അവർ ഒരുക്കങ്ങൾ നടത്തി.

അപ്പോഴാണ് ഫെമിനിസ്റ് യുക്തിവാദി ആയ മകൾക്കു ക്ഷേത്രത്തിനകത്തു പോയി തൊഴുകാൻ ഒരു മോഹം. അരുത് എന്ന് എല്ലാവരും പറഞ്ഞു. ഋതുമതികൾ ആയ സ്ത്രീകൾ ശബരിമല ക്ഷേത്രത്തിൽ പോകരുത്. പാപമാണ്, ദൈവകോപം ഉണ്ടാകും, എന്നൊക്കെ എല്ലാവരും പറഞ്ഞു. എങ്കിലും സുഗന്ധി കൂട്ടാക്കിയില്ല. ക്ഷേത്രത്തിനകത്തു പോയെ തീരൂവെന്നു അവൾക്കു വാശി.

ദിവാന്റെ മകൾ ആയതു കൊണ്ട് സുഗന്ധിയെ ശാസിക്കാൻ എല്ലാവര്ക്കും ഭയം. ഒടുക്കം തന്ത്രി തന്നെ വന്നു അവരെ ഗസ്റ്റ് ഹൌസിൽ വച്ചു കണ്ടു. ബഹുമാനത്തോടെ തൊഴുതു വിനയത്തോടെ അദ്ദേഹം പറഞ്ഞു. മോളെ അരുതു. ക്ഷേത്രത്തിന്റെ ആചാരങ്ങളെ നിലനിർത്തണം എന്നാണു മഹാരാജാവ് തിരുമനസ്സ് കല്പിച്ചതു. അങായിട്ടു ദയവു ചെയ്തു അത് തെറ്റിക്കരുത്. പക്ഷെ സുഗന്ധിക്ക്‌ കലി കൂടി. ദേഷ്യത്തോടെ തന്ത്രിയോട് സുഗന്ധി പറഞ്ഞു. തന്ത്രി ശ്രീകോവിലിനുള്ളിലെ കാര്യം മാത്രം നോക്കിയാൽ പോരേ ? ക്ഷേത്രത്തിന്റെ ഭരണത്തിന് ഇവിടെ ദേവസ്വവും ദിവാനും മൌണ്ട് ബാറ്റൺ പ്രഭുവുമുണ്ടല്ലോ ? ഞാൻ ക്ഷേത്രത്തിൽ വരണമോ വേണ്ടയോ എന്നത് അവർ തീരുമാനിക്കട്ടെ. അങ്ങ് സമയം കളയാതെ പോയി അരവണപ്പായസം ഉണ്ടാക്കൂ.

ദിവാന്റെ അഹങ്കാരിയായ മകൾ തന്നെ പരിചാരകരുടെയും കീഴ് ജാതിക്കാരുടെയും മുന്നിൽ വച്ച് അധിക്ഷേപിച്ചതിൽ തന്ത്രി അങ്ങേയറ്റം വിഷമിച്ചു. എന്റെ മണികണ്ഠാ എനിക്ക് ഈ ഗതി വന്നല്ലോ. എന്നെ പരീക്ഷിക്കരുതേ അയ്യപ്പാ. അങ്ങനെ വിലപിച്ചു ആ വൃദ്ധ ബ്രാഹ്മണൻ തിരികെ ക്ഷേത്രത്തിൽ പോയി.

പിന്നാലെ ദിവാനും മകളും വരുന്നുണ്ടായിരുന്നു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയുടെ അടുത്തു ആ യുവതി എത്തിയപ്പോൾ ദേവസ്വം ജീവനക്കാർ സുഗന്ധിയോട് മുന്നോട്ടു പോകരുത് എന്നു കേണപേക്ഷിച്ചു. ജീവനക്കാർ സുഗന്ധിയുടെ കാൽക്കൽ വീണു. അവരെ അവഗണിച്ചു ആ ധിക്കാരി പെണ്ണ് മുന്നോട്ടു പോയി. ക്ഷേത്രത്തിന്റെ ഉടമയായ തിരുവിതാംകൂർ മഹാരാജാവിന്റെ ദാസനായ ദിവാൻ പക്ഷെ എതിർത്തൊന്നും പറഞ്ഞില്ല.

പരിഭ്രാന്തരായ ദേവസ്വം ജീവനക്കാർ സുഗന്ധിയുടെ വഴി തടയാൻ വഴിയിൽ കൈകൂപ്പി കിടന്നു ഉറക്കെ കരഞ്ഞു ശരണം വിളി തുടങ്ങി. സ്വാമിയെ ശരണമയ്യപ്പാ. സ്വാമിയെ ശരണമയ്യപ്പാ. എന്നിട്ടും ആ ധിക്കാരിപ്പെണ്ണ് വകവച്ചില്ല. നിലത്തു കിടക്കുന്ന ഭൃത്യരെ തൊടാതെ ഒരു അരികിലൂടെ അവൾ നടന്നു. മിസ് സുഗന്ധി അയ്യർ അങ്ങനെ പതിനെട്ടാം പടികയറി.

മുകളിലെത്തി ഒരു വിനോദയാത്രക്ക് വന്നതുപോലെ കാഴ്ചകൾ ഒക്കെ കണ്ടു. ശ്രീകോവിലിനടുത്തു അവൾ മേൽശാന്തി അലനല്ലൂർ വാസുദേവൻ നമ്പൂതിരിയെ കണ്ടു പറഞ്ഞു. ഒരു പെണ്ണ് വന്നാൽ നിങ്ങളുടെ ക്ഷേത്രത്തിനു എന്തെങ്കിലും കോട്ടം വരുമോ എന്ന് ഇപ്പോൾ കാണാമല്ലോ? ഈറൻ കണ്ണുകളോടെ മേൽശാന്തി തല കുനിച്ചു. പുച്ഛത്തോടെ സുഗന്ധി പടിയിറങ്ങി തിരികെ ഗസ്റ്റ് ഹൌസിൽ പോയി.

അവൾ പോയിട്ടും ഭക്തജനങ്ങളും മേൽശാന്തിയും തന്ത്രിയും പരിചാരകരും മറ്റും അന്ധം വിട്ടു നിൽക്കുകയായിരുന്നു. ക്ഷേത്രാചാരങ്ങൾ തെറ്റിച്ചത് കൊണ്ട് എന്തൊക്കെ അനർത്ഥങ്ങൾ ആണോ ഇനി വരാൻ പോകുന്നത് എന്നവർ ഭയന്നു. ഒരു യുവതിയെ ക്ഷേത്രത്തിൽ കയറാൻ അനുവദിച്ച പരിചാരകരെ ദേവസ്വം അപ്പോൾ തന്നെ പിരിച്ചുവിട്ടു. തന്ത്രിയും മേൽശാന്തിയും പരിഹാരക്രിയകൾ ആലോചിക്കാൻ തുടങ്ങി. ഭക്തജനങ്ങൾ പ്രായശ്ചിത്തമായി ക്ഷേത്രത്തിനുചുറ്റും ഇരുന്നു കരച്ചിലോടെ ഉടുക്കുകൊട്ടിപ്പാട്ട് ആരംഭിച്ചു.

എല്ലാകുഴപ്പവും ഉണ്ടാക്കിവച്ച സുഗന്ധി പക്ഷെ ഗസ്റ്റ് ഹൌസിൽ കളിയും ചിരിയും ആയി സല്ലപിക്കുകയായിരുന്നു. മണ്ടന്മാരായ വിശ്വാസികളെ ഒരു പാഠം പഠിപ്പിക്കാൻ പറ്റിയതിൽ സുഗന്ധി അഭിമാനിച്ചു. ക്ഷേത്രത്തിൽ തീപിടിത്തം ഉണ്ടായി കത്തിപോകുമോ എന്ന് കാണാമല്ലോ എന്നവൾ പരിഹസിച്ചു. രാത്രി വളരെ വൈകിയാണ് അവൾ ഉറങ്ങാൻ കിടന്നത്.

പിറ്റേ ദിവസം രാവിലെ മൌണ്ട് ബാറ്റൺ പ്രഭുവും ദിവാനും തിരികെ യാത്ര പുറപ്പെടാൻ തയ്യാറായി. ഒരുക്കങ്ങൾ പൂർത്തിയായി. സുഗന്ധി വരാൻ അവർ കാത്തുനിന്നു. കുറേനേരമായിട്ടും അവളെ കാണാത്തതുകൊണ്ട് ദിവാൻ ഭൃത്യരെ വിട്ടു അന്വേഷിപ്പിച്ചു. സുഗന്ധിയുടെ മുറിയുടെ വാതിലിൽ അവർ മുട്ടി പക്ഷെ അനക്കം ഇല്ല. ഉള്ളിൽ നിന്ന് താഴിട്ടിട്ടുണ്ട് പക്ഷെ ഒച്ചയോ അനക്കമോ ഇല്ല. ദിവാനെ അറിയിച്ചു, അദ്ദേഹം പറഞ്ഞു സുഗന്ധി ഇങ്ങനെ ഉറങ്ങാറില്ലല്ലോ. ഇതെന്തു കഥ എന്നവർ ആലോചിച്ചു. കുറെ നേരം മുട്ടിയും ഒച്ച വെച്ചും വാതിൽ തുറക്കാഞ്ഞപ്പോൾ അവസാനം വാതിൽ പൊളിക്കാൻ ദിവാൻ ഉത്തരവിട്ടു.

മുറിയുടെ ഉള്ളിൽ കയറിയ ദിവാൻ കണ്ടത് ബോധമില്ലാതെ മുറിയിൽ കിടക്കുന്ന സുഗന്ധി. പൊള്ളുന്ന പനിയുണ്ട്. അയ്യോ എന്റെ കുട്ടീ. ഇത്ര പെട്ടെന്ന് എങ്ങനെയാണ് നിനക്ക് പനി വന്നത് എന്ന് ദിവാൻ വിലപിച്ചു. ഉടൻ വൈദ്യരെ കൊണ്ടുവന്നു ചികിത്സ ആരംഭിച്ചു. കൊച്ചിയിലേക്കുള്ള അവരുടെ മടക്ക യാത്ര മാറ്റിവച്ചു. സുഗന്ധിക്ക്‌ ശുശ്രൂഷ ചെയ്യുന്നതിൽ ആയിരുന്നു എല്ലാവരുടെയും ശ്രദ്ധ.

പക്ഷെ ഓരോ ദിവസം കഴിയുന്തോറും സുഗന്ധിയുടെ ആരോഗ്യം കൂടുതൽ വഷളായിക്കൊണ്ടിരുന്നു. മൌണ്ട് ബാറ്റൺ പ്രഭുവിന്റെ കല്പന പ്രകാരം കൊച്ചിയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ സായിപ്പന്മാരായ ഡോക്ടർമാരെ ശബരിമലയിലേക്ക് വരുത്തിച്ചു്. അവർ ആയിടെ ഇംഗ്ലണ്ടിൽ ഇറങ്ങിയ പുതിയ ആന്റിബയോട്ടിക് മരുന്നായ പെനിസിലിൻ കൊച്ചിയിൽ നിന്ന് വരുത്തിച്ചു. ആ മരുന്ന് കുത്തിവച്ചുവെങ്കിലും സുഗന്ധിക്ക് ഗുണമുണ്ടായില്ല. കൈകാലുകൾ അനക്കാൻ വയ്യാതായി. വിട്ടുമാറാത്ത പൊള്ളുന്ന പനി. സഹിക്കവയ്യാത്ത തലവേദന. പലപ്പോഴും മിസ് സുഗന്ധിക്ക് ബോധക്ഷയമുണ്ടായി. പിച്ചും പേയും പറയാൻ തുടങ്ങി. അവസാനം സായിപ്പന്മാരായ ഡോക്ടർമാരും കയ്യൊഴിഞ്ഞു. ക്ഷമിക്കണം ഇനി വൈദ്യശാസ്ത്രത്തിനൊന്നും ചെയ്യാനില്ല. വേണ്ടപ്പെട്ടവരെ അറിയിച്ചോളൂ, എന്നവർ പറഞ്ഞു.

ഉടൻ ചെന്നൈയിൽ നിന്നും തിരുച്ചിറപ്പള്ളിയിൽ നിന്നും ബന്ധുക്കൾ വന്നു. എല്ലാവരും കട്ടിലിനരികിൽ കാത്തിരിപ്പായി. ദിവാനും മകളും ഒഴികെ ബാക്കിയെല്ലാ ബന്ധുക്കളും ഈശ്വരചിന്തയുള്ള പരമസാത്വിക ബ്രാഹ്മണർ ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സുഗന്ധിയുടെ അസുഖം ഭേദമാകാൻ അവർ നാമജപവും ഭാഗവത പാരായണവും തുടങ്ങി. ഒരു ചടങ്ങു എന്നപോലെ സായിപ്പന്മാരായ ഡോക്ടർമാർ ദിവസേന വരും മരുന്ന് നൽകും എങ്കിലും യാതൊരു ഫലവുമില്ല. സുഗന്ധി അബോധാവസ്ഥയിൽ തന്നെ. അങ്ങനെ നാല് ദിവസം സുഗന്ധി മരണത്തോട് മല്ലടിച്ചു കഴിഞ്ഞു.

വൈദ്യശാസ്ത്രത്തിൽ ഇനി ചികിത്സ ഇല്ലെന്നറിഞ്ഞ ബന്ധുക്കൾ ചെന്ന് ശബരിമല മേൽശാന്തി അലനല്ലൂർ വാസുദേവൻ നമ്പൂതിരിയെ കണ്ടു. എങ്ങനെയെങ്കിലും സുഗന്ധിയുടെ ജീവൻ രക്ഷിക്കണം എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ കാലു പിടിച്ചു. ക്ഷേത്രത്തിൽ പ്രവേശിച്ചത് സുഗന്ധിക്ക്‌ അബദ്ധം പറ്റിയതാണ്. പൊറുക്കണം എന്ന് അപേക്ഷിച്ചു. മേൽശാന്തിയുടെ മനസ്സലിഞ്ഞു. സാരമില്ല, ആ കുട്ടിക്ക് പ്രായക്കുറവിന്റെ ചപലതയാണ്. എല്ലാം നേരെയാവും എന്നദ്ദേഹം പറഞ്ഞു. ഞാൻ വൈകുന്നേരം അവിടെ വരാം എന്ന് മേൽശാന്തി പറഞ്ഞു.

പറഞ്ഞതുപോലെ ഉച്ചപൂജക്കു ശേഷം മേൽശാന്തി ദേവസ്വം ഗസ്റ്റ് ഹൌസിൽ എത്തി. സുഗന്ധി അപ്പോഴും അബോധാവസ്ഥയിൽ ആയിരുന്നു. ചുറ്റും നിന്ന ബന്ധുക്കൾ ബഹുമാനത്തോടെ എഴുന്നേറ്റു നിന്ന് കരച്ചിലായി. കുട്ടിക്ക് ഞാൻ അല്പം പ്രസാദം കൊണ്ടുവന്നിട്ടുണ്ട് എന്ന് മേൽശാന്തി പറഞ്ഞു. സുഗന്ധിയുടെ അടുത്തേക്കു നടന്നു.

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ദിവസങ്ങളായി അബോധാവസ്ഥയിൽ ആയിരുന്ന സുഗന്ധി പെട്ടെന്ന് കണ്ണ് തുറന്നു. മേൽശാന്തിയെ തിരിച്ചറിഞ്ഞ അവൾ പരിഭ്രമത്തോടെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ശബരിഗിരീശന്റെ പ്രസാദമായ അരവണ പായസം അല്പം അവളുടെ വായിൽ വച്ചുകൊടുത്തു. കണ്ണീരോടെ അവൾ വിതുമ്പി. തെറ്റ് പറ്റി. അടിയനോട് ക്ഷമിക്കണം. മേൽശാന്തി പുഞ്ചിരിയോടെ പറഞ്ഞു. സാരമില്ല കുട്ടീ. പെട്ടെന്ന് ഭേദമാകാൻ മണികണ്ഠൻ അനുഗ്രഹിക്കട്ടെ.

അരവണ പായസം കഴിച്ചതോടെ സുഗന്ധിക്ക്‌ പുതിയ ജീവൻ വച്ചതുപോലെയായി. പിറ്റേ ദിവസം അവൾക്കു കിടക്കയിൽ ഇരിക്കാൻ പറ്റി. രണ്ടാം ദിവസം പിടിച്ചു പിടിച്ചു നടക്കാൻ തുടങ്ങി. മൂന്നാം ദിവസം പൂർണ ആരോഗ്യവതിയായി. നാലാം ദിവസം അവൾ അച്ഛനോടൊപ്പം തിരികെ കൊച്ചിയിലേക്ക് യാത്രയായി.

യുക്തിവാദം പരമാബദ്ധം എന്ന് മനസ്സിലായ സുഗന്ധി ആത്മീയ ചിന്തയിലും ഭക്തിയിലും മുഴുകി. താമസിയാതെ സുഗന്ധി എറണാകളുത്തെ സ്വാമി ചിന്മയാനന്ദ സ്വാമിയുടെ ചിന്മയ മിഷൻ ആശ്രമത്തിൽ അന്തേവാസിനിയായി. തന്റെ ദൈവനിന്ദയിൽ പ്രായശ്ചിത്തം തോന്നിയ ദിവാൻ സർ പട്ടാഭി സുന്ദരയ്യർ താമസിയാതെ ഹൃദയം പൊട്ടി മരിച്ചു.

ഇതാണ് ഉണ്ടായ സംഭവം. ഈ കഥ ഞാൻ കേട്ടത് പണ്ട് ശബരിമലക്ക് പോകുമ്പോൾ ഗുരുസ്വാമിമാർ പറഞ്ഞു കേട്ടിട്ടാണ്. എനിക്ക് ആദ്യം വിശ്വാസം വന്നില്ല. കൗതുകം തോന്നിയ ഞാൻ ന്യൂ ഡൽഹിയിലെ നാഷണൽ ആർക്കൈവ്‌സ് എന്ന ഔദ്യോഗിക സർക്കാർ രേഖകൾ സൂക്ഷിക്കുന്ന വൻ സമുച്ചയത്തിൽ എത്തി. 1890 യിലെ ഈസ്റ്റ് ഇന്ത്യ കമ്പനി രേഖകൾ കണ്ടുപിടിക്കാൻ കുറെ കഷ്ടപ്പെട്ട്. അവസാനം മൌണ്ട് ബാറ്റൺ പ്രഭുവിന്റെ രേഖകൾ അടങ്ങുന്ന പുസ്തകം എനിക്ക് വേണ്ടി കണ്ടെത്തിയത് നാഷണൽ ആർക്കൈവ്‌സ് ലൈബ്രേറിയൻ ശ്രീ അജയ് സിംഗാൾ ആണ്. ഇതേ വരെ ആരും ആ പുസ്തകം അന്വേഷിച്ചു വന്നിട്ടില്ലത്രെ. ഞാൻ പുസ്തകം ശ്രദ്ധയോടെ മറിച്ചു നോക്കി. കടും മഞ്ഞ പേജിൽ മങ്ങിയ നീല മഷി കൊണ്ട് അതാ മൌണ്ട് ബാറ്റൺ പ്രഭുവിന്റെ എഴുത്തു. ഞാൻ കേട്ട കഥ അതെ പോലെ തന്നെ മൌണ്ട് ബാറ്റൺ പ്രഭുവിന്റെ വാക്കുകളിൽ എനിക്ക് വായിക്കാൻ സാധിച്ചു.

എനിക്ക് അത്ഭുതം വന്നു. ഞാൻ കോരിത്തരിച്ചു പോയി. അറിയാതെ ഞാൻ എഴുന്നേറ്റു നിന്നു. സ്വാമിയെ ശരണമയ്യപ്പ എന്നറിയാതെ ശരണം വിളിച്ചുപോയി. ഭയഭക്തിയോടെ ആ പേജ് ഞാൻ തൊട്ടു തലയിൽ വച്ചു. നാഷണൽ ആർക്കൈവ്‌സ് ഓഫിസിൽ പന്ത്രണ്ടു രൂപ ഫീസ് കെട്ടിവച്ച് ഞാൻ ആ പേജുകൾ ഫോട്ടോകോപ്പി എടുത്തു പുറത്തിറങ്ങി.

എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. അയ്യപ്പസ്വാമിയുടെ ശക്തിയെ കുറിച്ച് ഇത്ര ശക്തിയുള്ള തെളിവുകൾ എന്തുകൊണ്ടാണ് ആരും അറിയാതെ പോയതു ? അതോ വാസ്തവം അറിയാവുന്ന ആരെങ്കിലും ഈ രേഖകൾ ആരും അറിയാതിരിക്കാൻ വേണ്ടി മനപ്പൂർവം മൂടി വച്ചതാണോ ?

വസ്തുതകൾ ഒന്ന് കൂടി തീർച്ചയാക്കാൻ ഞാൻ എറണാകുളം ശിവക്ഷേത്രത്തിനടുത്തു വാരിയം റോഡിൽ ചിന്മയാനന്ദ സ്വാമിയുടെ ചിന്മയ മിഷൻ സംഘടനയുടെ വൻ കെട്ടിടത്തിൽ പോയി. ഓഫിസ് മാനേജർ സ്വാമി ഭദ്രാനന്ദയെ കണ്ടു സംസാരിച്ചു. അദ്ദേഹം എന്നോട് മിസ് സുഗന്ധി അയ്യരുടെ കഥ പറഞ്ഞു. എന്നോട് ശബരിമല ഗുരുസ്വാമിമാർ പറഞ്ഞ അതെ കഥ, ന്യൂ ഡൽഹിയിലെ നാഷണൽ ആർക്കൈവ്‌സ് രേഖകളിൽ ഞാൻ വായിച്ച അതെ കഥ, എന്നോട് സ്വാമി ഭദ്രാനന്ദയും പറഞ്ഞു. ഞാൻ ആശ്ചര്യപ്പെട്ടു.

ഞാൻ പോകുന്നതിനു മുമ്പ് സ്വാമി ഭദ്രാനന്ദ എന്നെ ചിന്മയ മിഷൻ ഓഡിറ്റോറിയം കെട്ടിടത്തിലേക്ക് കൊണ്ടുപോയി. വലിയ ഇരുനില കെട്ടിടത്തിന്റെ കിഴക്കേ മൂലയിൽ താഴെ ഒരു ചെറിയ ബോർഡിൽ മങ്ങിയ അക്ഷരത്തിൽ എന്തോ എഴുതിയിരിക്കുന്നു. കുറച്ചു കഷ്ടപ്പെട്ടു എങ്കിലും വായിക്കാൻ സാധിച്ചു. “Donated by Barrister Miss Sugandhi Iyer, BA, BL, in repentance of my sins” എന്നാണ് എഴുതിയിരിക്കുന്നത്. അതായത് തന്റെ തെറ്റുകൾക്ക് പ്രായശ്ചിത്തമായി മിസ് സുഗന്ധി അയ്യർ സംഭാവന നൽകിയതാണ് ആ വലിയ ഓഡിറ്റോറിയം കെട്ടിടം. അറിയാതെ എന്റെ കണ്ണുകൾ ഈറനായി. ആ ബോർഡ് ഒന്നു തൊട്ടു ഞാൻ തലയിൽ വച്ച് കൈകൂപ്പി. സ്വാമി ഭദ്രാനന്ദയോട് നന്ദി പറഞ്ഞു യാത്രയായി.

ഇതാണ് വാസ്തവം. വിശ്വാസം വരുന്നില്ല അല്ലെ ?

ശബരിമല ശ്രീ ധർമശാസ്താവിനെ ധിക്കരിച്ചുകൊണ്ടു എത്രയോ ശക്തികൾ വന്നു പോയി പക്ഷെ യാതൊരു കോട്ടവും തട്ടാതെ പൂർണ തേജസ്സോടെ സാക്ഷാൽ അയ്യപ്പസ്വാമി ഇപ്പോഴും സന്നിധാനത്തു കുടികൊള്ളുന്നു. ശ്രീ ധർമശാസ്താവിനെ ഒരിക്കൽ എതിർക്കാൻ വന്ന ബ്രിട്ടീഷുകാരും ടിപ്പു സുൽത്താനും പോർച്ചുഗീസുകാരും മുഗളന്മാരും എല്ലാം വന്നു അൽപനേരം കത്തിജ്വലിച്ചു പക്ഷെ പിന്നീട് അവർ ക്ഷയിച്ചു നാമാവശേഷമായി. ഇന്ന് സ്ത്രീകളുടെ ശബരിമല പ്രവേശന വിഷയത്തിൽ അയ്യപ്പ സ്വാമിക്കെതിരെ പടപൊരുതുന്നത് കമ്യൂണിസ്റ്റുകാരും നിരീശ്വരവാദികളും ഫെമിനിസ്റ്റുകളും ആണല്ലോ. ഇവരും താമസിയാതെ നശിച്ചു ചരിത്രത്തിലെ ഇരുളടഞ്ഞ അധ്യായമായി മാറും. അവരെയെല്ലാം നിഷ്പ്രഭരാക്കി ഒരു മൃദു മന്ദഹാസത്തോടെ ശബരിമലയിൽ വിരാജിക്കുവാൻ വേട്ടക്കൊരുമകൻ വില്ലാളിവീരൻ കലിയുഗവരദൻ വീരമണികണ്ഠൻ മാത്രം. സ്വാമിയേ ശരണമയ്യപ്പ. വന്‍ പുലി വാഹനനേ ശരണമയ്യപ്പ. ആപത് ബാന്ധവനേ ശരണമയ്യപ്പ. സമ്സതാപരാധം പൊറുത്തരുളേണമേ ശരണമയ്യപ്പ. ഹരിഹരസുതൻ ആനന്ദചിത്തൻ അയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പ.

എന്റെ മറുപടി

ഇതു് വാസ്തവത്തിൽ Free Thinkersന്റെ ഫേസ്ബുക്ക് പേജിൽ എഴുതിയതാണെന്നു മനസ്സിലാക്കാതെയാണു് ആരോ പകർത്തിയെടുത്തു് വാട്ട്സാപ്പിലൂടെ പ്രചരിപ്പിച്ചതെന്നു തോന്നുനന്നു. ദാ ഇവിടെ വായിക്കാം: https://m.facebook.com/groups/557794740992462?view=permalink&id=1713354515436473

ഇനി വേറെയാരും പകർത്തി പ്രചരിപ്പിക്കാതിരിക്കാനായി ഇതിലെ ചില പരാമർശങ്ങളുടെ സത്യാവസ്ഥകൂടി വ്യക്തമാക്കട്ടെ:

കേരളം മുഴുവൻ പ്രളയ ദുരന്തത്തിൽ മുങ്ങിയ ഈ സമയത്തുതന്നെ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരമൊരു സന്ദേശം പ്രചരിപ്പിക്കേണ്ട കാര്യമില്ലായിരുന്നു. മതവും ഈശ്വരവിശ്വാസവും തലയ്ക്കുപിടിച്ചിട്ടു് സാമാന്യബുദ്ധിപോലും നഷ്ടപ്പെട്ട ആരോ ആണു് ഇതെഴുതിയതു് എന്നതു് വ്യക്തമായ കാര്യമാണു്. അതിനു ചില കാരണങ്ങൾകൂടി എഴുതട്ടെ.

1. 1882-1898 കാലത്തു് മുഴുവനും ഒരു ദിവാനായിരുന്നില്ല തിരുവിതാംകൂറിൽ എന്നാണു് വിക്കിപ്പീഡിയ പറയുന്നതു്. 1880-87 കാലഘട്ടത്തിൽ ശ്രീ രാമയ്യങ്കാരും 1887-92 കാലഘട്ടത്തിൽ ശ്രീ ടി. രാമറാവുവും ആയിരുന്നത്രെ.

2. ലോകോത്തര ശാസ്ത്രജ്ഞയായിരുന്ന മേരി ക്യൂറിയോട് പുച്ഛമുള്ള എഴുത്തുകാരനു് (കാരിക്കു്?) എത്രത്തോളം യുക്തിയുണ്ടാകും എന്നു് സങ്കല്പിക്കാവുന്നതേയുള്ളൂ.

3. “The Mysorean invasion of Kerala (1766 –1792) was the military invasion of Malabar (northern Kerala), including the territories of the Zamorin of Calicut, by the Muslim de facto ruler of the Kingdom of Mysore Hyder Ali.” എന്നു വിക്കിപ്പീഡിയ. അതായതു് 1766-1792 കാലഘട്ടത്തിലാണു് ഹൈദരലി കേരളമെന്നു് ഇന്നു വിളിക്കപ്പെടുന്ന പ്രദേശത്തെ ആക്രമിച്ചതു്. അക്കാലത്തായിരുന്നോ മൗണ്ട് ബാറ്റൻ ഇന്ത്യയിലുണ്ടായിരുന്നതു്?

4. അപ്പൊ, എന്നായിരുന്നു ഈ മൗണ്ട്ബാറ്റൻ ഇന്ത്യയിലുണ്ടായിരുന്നതു്? “His experience in the region and in particular his perceived Labour sympathies at that time led to Clement Attlee appointing him Viceroy of India on 20 February 1947” എന്നു് വിക്കിപ്പീഡിയ. അതായതു് 1947 ഫെബ്രുവരി 20നാണു് ബ്രിട്ടിഷ് ഭരണകൂടം അദ്ദേഹത്തെ ഇന്ത്യയുടെ വൈസ്റോയ് ആയി നിയമിക്കുന്നതു്. അതുപോകട്ടെ, അദ്ദേഹത്തിന്റെ ജനനത്തീയതി അറിയാമോ? 25 June 1900. അപ്പോൾ, പറഞ്ഞുവരുന്നതു്, മൗണ്ട്ബാറ്റൻ ജനിക്കുന്നതിനും പത്തുവർഷംമുമ്പു് അദ്ദേഹം കേരളത്തിലെത്തി എന്നാണു്! അമ്പോ, ഈ സായ്പ്പിന്റെയൊരു കഴിവേ!

5. അതു മാത്രമല്ല, എറണാകുളത്തുനിന്നു് അവരെല്ലാംകൂടി കോട്ടയംവരെ തീവണ്ടിയിൽ യാത്രചെയ്തത്രെ. 1890ൽ! ആ തീവണ്ടിപ്പാത തുറന്നതു് എന്നാണെന്നോ? “The Ernakulam – Kottayam section opened in 1956-57[1] and Kottayam – Kollam section in 1957” എന്നു വീണ്ടും വിക്കിപ്പീഡിയ. മറ്റൊരത്ഭുതം. തീവണ്ടിപ്പാത തുറക്കുന്നതിനു 67 വർഷം മുമ്പു് മൗണ്ട്ബാറ്റനും ദിവാനും മകളുംകൂടി തീവണ്ടിയിൽ എറണാകുളത്തുനിന്നു് കോട്ടയംവരെ യാത്രചെയ്തു. ഭഗവാന്റെ അനുഗ്രഹം എന്നല്ലാതെ എന്താ പറയുക!

6. തീർന്നില്ല അത്ഭുതങ്ങൾ. 1913ലാണു് കേരളത്തിലെ ആദ്യത്തെ സിനിമാതിയേറ്റർ തൃശൂരിൽ ആരംഭിച്ചതു് എന്നു വിക്കിപ്പീഡിയ പറയുന്നു. പക്ഷെ അതിനും ഇരുപതിലധികം വർഷങ്ങൾക്കുമുമ്പു് “ടോക്കീസ് എന്ന പേരിൽ അറിയപ്പെടുന്ന സിനിമാ പ്രദർശന ശാലകളും” അവർ കണ്ടുവത്രെ! എന്തൊരു ദീർഘവീക്ഷണം.

7. ഇനിയുമുണ്ടു് ഭഗവാന്റെ ലീലാവിലാസങ്ങൾ. “പതുക്കെയുള്ള കാളവണ്ടി യാത്രയിൽ ഒരു നേരമ്പോക്കിന് ദിവാൻ തന്റെ റേഡിയോയിൽ നിന്ന് തമിഴ് സിനിമാ പാട്ടുകൾ വച്ചു. അന്ന് ട്രാൻസിസ്റ്റർ റേഡിയോ ഇല്ലാത്തതിനാൽ വാൽവ് റേഡിയോ ആയിരുന്നല്ലോ.” എന്താ കഥ! ട്രാൻസിസ്റ്റർ ഇല്ലാത്തതിനാൽ വാൽവ് റേഡിയോ പ്രവർത്തിപ്പിക്കാനായി ഭഗവാൻതന്നെ കാളവണ്ടിയിൽ വൈദ്യുതപ്രവാഹം ശരിയാക്കിക്കൊടുത്തുവത്രെ! പക്ഷെ, റേഡിയോ കേൾക്കാനായി ഒരു സ്റ്റേഷനെങ്കിലും വേണ്ടേ? അതുകൊണ്ടു് മദിരാശിയിൽ മനുഷ്യർ റേഡിയോസ്റ്റേഷൻ സ്ഥാപിക്കുന്നതിനു 34 വർഷംമുമ്പു് ഭഗവാൻതന്നെ പ്രക്ഷേപണം നടത്തിക്കൊടുത്തു.

8. തടിയനായ മൌണ്ട് ബാറ്റൺ പ്രഭു. ചെറുപ്പകാലംമുതൽക്കു് നേവിയിൽ ജോലിചെയ്യുകയും യുദ്ധങ്ങളിൽ പങ്കെടുക്കുകയും ചെയ്ത മൗണ്ട്ബാറ്റൻ പ്രഭു തടിയനായിരുന്നുവത്രെ. ബ്രിട്ടിഷ് സർക്കാരിനോടു പറയേണ്ട കാര്യമാണു്, അവരുടെ സേനയുടെ അവസ്ഥയെപ്പറ്റി. അദ്ദേഹത്തിന്റെ ചിത്രങ്ങൾ മാദ്ധ്യമങ്ങളിലും ഇന്റർനെറ്റിലും ധാരാളം കാണാനുണ്ടല്ലൊ. ഏതിലെങ്കിലും അദ്ദേഹത്തെ തടിയനായി കണ്ടിട്ടുണ്ടോ? അതും ഭഗവാന്റെ ശിക്ഷയായിരിക്കണം. എല്ലാ ചിത്രങ്ങളും ഭഗവാൻ മാറ്റിക്കളഞ്ഞു. അതാണു് ദൈവത്തിന്റെ ശക്തി. കളിക്കണ്ട, കേട്ടോ.

ഇനി ഇത്രയും എഴുതിയതിനു് എനിക്കു് എന്തു ശിക്ഷയാണോ എന്തോ വച്ചിരിക്കുന്നതു്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി ആരാണെന്നു് ഇപ്പോൾ വ്യക്തമായിട്ടുണ്ടല്ലോ, ഇല്ലേ?

Leave a comment