നമ്മുടെ വിദ്യാഭ്യാസസംവിധാനത്തെപ്പറ്റി

ആയിരക്കണക്കിനു് എഞ്ചിനീയറിങ് സീറ്റുകളുണ്ടു് കേരളത്തിൽ. കേരളത്തിനു പുറത്തു് അതിന്റെ എത്രയോ ഇരട്ടിയും. എന്നാൽ പാസായി വരുന്നവരിൽ പലർക്കും തൊഴിൽ ലഭിക്കുന്നില്ല എന്ന പരാതിയുണ്ടു്, ഐഐടിയും എൻഐടിയും മറ്റും പോലെയുള്ള വിശേഷവിദ്യാലയങ്ങളിൽനിന്നു പാസ്സായി വരുന്നവരൊഴിച്ചാൽ. ഇതെന്തുകൊണ്ടാണു് എന്ന കാര്യം ചർച്ചയ്ക്കു വരാറുണ്ടു്. കോളജുകളിലെ സൗകര്യക്കുറവും അദ്ധ്യാപകരുടെ ദൗർലഭ്യതയും എല്ലാം പറഞ്ഞു കേൾക്കാറുണ്ടു്. എന്റെ വ്യക്തിപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഇതേപ്പറ്റിയുള്ള ചില ചിന്തകളാണു് ഇവിടെ അവതരിപ്പിക്കുന്നതു്. എന്റെ പല സുഹൃത്തുക്കൾക്കും ഞാനെഴുതുന്ന കാര്യങ്ങൾ ഇഷ്ടമാവില്ല എന്നും ചിലരെങ്കിലും എന്നെ എതിർക്കാനും ഒരുപക്ഷെ ചീത്തവിളിക്കാനും തയാറായി വരും എന്ന വിശ്വാസത്തോടെ തന്നെയാണു് ഇതെഴുതുന്നതു്. അതേസമയം ഞാനീ പറയുന്ന കാര്യങ്ങളോടു യോജിക്കുന്നവരും ഉണ്ടു് എന്നും ണറിഞ്ഞുകൊണ്ടുതന്നെയാണു്.

അനുഭവങ്ങൾ

ആദ്യമായി എന്റെ ചില അനുഭവങ്ങൾ വിവരിക്കട്ടെ. ഭൗമശാസ്ത്രപഠനകേന്ദ്രത്തിൽ (Centre for Earth Science Studies, Thiruvananthapuram, CESS) ഉദ്യോഗത്തിലിരിക്കുന്ന കാലത്തു് പ്രോജക്ടിലേക്കും മറ്റും സഹായികളെ തെരഞ്ഞെടുക്കാനുള്ള അഭിമുഖങ്ങളിൽ ഇരിക്കാനുള്ള അവസരം കിട്ടിയിട്ടുണ്ടു്. ഭൗതികശാസ്ത്രത്തിലും (Physics) ഗണിതശാസ്ത്രത്തിലും (Mathematics) മറ്റും ബിരുദാനന്തരബിരുദം നല്ല മാർക്കോടുകൂടി നേടിയവർ മാത്രമാണു് അഭിമുഖത്തിൽ എത്തുന്നതു്. വളരെ അടിസ്ഥാനപരമായ ആശയങ്ങൾപോലും അവർക്കു് നിശ്ചയമില്ല എന്നതാണു് ഞങ്ങൾ കണ്ടതു്. ഉദാഹരണമായി, വെള്ളത്തിന്റെ സാന്ദ്രത എത്രയാണു് എന്നതു് പലപ്പോഴും ചോദിച്ചിട്ടുള്ള ചോദ്യമാണു്. ഒന്നു് എന്നു് പലരും പറയുമെങ്കലും അതിന്റെ ഏകകം (Unit) എന്താണെന്നു് മിക്കവർക്കും അറിയില്ല എന്നുമാത്രമല്ല, ഏകകം കൂടി പറയുമ്പോഴേ ഉത്തരം പൂർണ്ണമാകുന്നുള്ളൂ എന്ന ബോധംപോലും അവർക്കു് ഉണ്ടാകുന്നില്ല എന്നതാണു് തോന്നിയതു്. അതു് ഭൗതികശാസ്ത്രം പഠിച്ചവരുടെ കാര്യമാണെങ്കിൽ ഗണിതശാസ്ത്രത്തിൽ എംഎസ്സി പാസ്സായ അപേക്ഷകരോടു് അവർ പഠിച്ച വിഷയങ്ങൾ എന്തെല്ലാമാണു് എന്നു ചോദിച്ചപ്പോൾ ഉത്തരം കിട്ടാതിരുന്ന ഒരവസരമെങ്കിലും ഉണ്ടായിട്ടുണ്ടു്. ഇതുപോലത്തെ അനുഭവമാണു് ഐടി പഠിച്ചവരോടു സംസാരിച്ചപ്പോഴും ഉണ്ടായതു്. ഇത്തരം കഥകൾ അനേകമുണ്ടു് എന്നു് പലരോടും സംസാരിച്ചതിൽനിന്നു മനസ്സിലായി.

ഒരു അനുഭവംകൂടി വിവരിച്ചശേഷം കാര്യത്തിലേക്കു കടക്കാം. ഒരു എൻജിഓ തുടങ്ങിയ ഒരു ്സഥാപനത്തിൽ പ്രവർത്തിച്ചുവരുന്ന കാലം. അവിടെ പ്രവൃത്തിയെടുക്കാനായി രണ്ടു് ഇലക്ട്രിക്കൽ എൻജിനീയർമാരെ നിയമിച്ചു. മിന്നലിൽനിന്നു് കെട്ടിടങ്ങളെ സംരക്ഷിക്കാനുല്ള സാങ്കേതികവിദ്യകളെപ്പറ്റി പരിശീലനം കഴിഞ്ഞു് തിരികെയെത്തിയ അവരിൽ ഒരാൾ എന്നെ സമീപിച്ചു് പറഞ്ഞു, “സർ, അവർ പറഞ്ഞ ഒരു കാര്യം എനിക്കു മനസ്സിലായില്ല. ഇക്വിപ്പൊട്ടൻഷ്യൽ ഉപരിതലമാണെങ്കിൽ ഷോക്കടിക്കില്ല എന്നവർ പറഞ്ഞു. എന്തുകൊണ്ടാണതു്?” അവർ പറഞ്ഞ ഒരു കാര്യമല്ല, ഒന്നും മനസ്സിലായിട്ടുണ്ടാവില്ല എന്നു് ഈ ചോദ്യം കേട്ടപ്പോൾ എനിക്കു തോന്നി. അതു് വിശദീകരിക്കാനുള്ള ശ്രമത്തിനിടെ ടോർച്ചിലിടുന്ന ബാറ്ററി ഏതുതരത്തിൽപ്പെട്ടതാണു് എന്നു ഞാൻ ചോദിച്ചു. അതയാൾക്കറിയില്ല! കാറിലുപയോഗിക്കുന്ന ബാറ്ററിയുടെ കാര്യവും അറിയില്ല. എന്തായാലും ഇയാൾക്കു് മനസ്സിലാവില്ല എന്നു് തീർച്ചപ്പെടുത്തിയശേഷം തൽക്കാലത്തേക്കു് ചർച്ച മതിയാക്കി. ഒരുപക്ഷെ അയാൾക്കുതന്നെ നാണക്കേടു തോന്നിയതിനാലാകാം, പിന്നീടു് അയാൾ എന്റെയടുത്തു വന്നു പറഞ്ഞു, “സർ, കാണാതെ പഠി്ച്ചാൽ മതി എന്നവർ പറഞ്ഞിരുന്നു. മാത്രമല്ല, പ്രാക്ടിക്കൽ പരീക്ഷയ്ക്കു് ഒരു വസ്തുവിലും തൊടരുതു് എന്നും അവർ വന്നു മാർക്കിട്ടുകൊള്ളാം എന്നും പറഞ്ഞിരുന്നു.”  എന്നു്. കഷ്ടം!

പഠിച്ച കാര്യങ്ങളിൽ ഒന്നും യഥാർത്ഥത്തിൽ മനസ്സിലാക്കാതെ, കുറെ എന്തൊക്കെയോ കാണാതെ പഠിച്ചു് പരീക്ഷയിൽ ഉത്തരക്കടലാസ്സിൽ ഛർദിച്ചുവച്ചു് മാർക്കു മേടിക്കുന്ന കുറേപ്പേരെ ഉണ്ടാക്കിയെടുക്കുന്നതുകൊണ്ടു് എന്താണു് പ്രയോജനം? പ്രായോഗികജീവിതവും പഠിച്ച കാര്യങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാതെയാണു് ഇവരിതെല്ലാം കാണാതെപഠിക്കുന്നതു് എന്നതു് മറ്റൊരു ദുഃഖകരമായ യാഥാർത്ഥ്യം. പഠിച്ച കാര്യങ്ങൾ ഇവരെങ്ങനെ ജീവിതത്തിൽ ഉപയോഗപ്പെടടുത്തും? ഇതേ രീതി തന്നെയാണു് ഉന്നതവിദ്യാഭ്യാസത്തിലും പിന്തുടരുന്നതു് എന്നതു് കൂടുതൽ ദുഃഖകരമായ കാര്യം. വെറുതെയല്ല എൻജിനീയറിങ് പാസ്സായി വരുന്നവരിൽ വലിയ ശതമാനത്തിനും തൊഴിൽമേഖലയിൽ സ്ഥാനം കിട്ടാതാകുന്നതു്. പഠിച്ച കാര്യങ്ങൾ പ്രായോഗികപ്രശ്നങ്ങള്‍ പരിഹരിക്കാനായി ഉപയോഗിക്കാൻ അവർക്കറിയില്ല, കാരണം അവരിതെല്ലാം പരീക്ഷയ്ക്കു മാത്രമായി പഠിച്ചതാണു്. ലോകവുമായി ഇതിനൊന്നും ഒരു ബന്ധവും അവരുടെ മനസ്സിലില്ല. ഇതു് സത്യമാണെന്നു് തെളിയിക്കുന്ന ഒരു അനുഭവം എനിക്കുണ്ടായതുംകൂടി ഇവിടെ വിവരിക്കട്ടെ.

ഞാൻ ജോലിയായി തിരുവനന്തപുരത്തു് എത്തിയ കാലം. എംഎസ്സിക്കു് എന്റെ സഹപാഠിയായിരുന്ന ഒരീാൾ തിരുവനന്തപുരത്തു് ജോലിയായി താമസിക്കുന്നു. ഞങ്ങൾ, സാവാഭാവീകമായി എന്നും വൈകിട്ടു കണ്ടുമുട്ടും. വൈകിട്ടത്തെ ചായയും അത്താഴവും കഴിയുന്നതുവരെ പരസ്പരം “കത്തി” വയ്ക്കും. അങ്ങനെയിരിക്കെ ഒരു ദിവസം വൈകിട്ടു് അയാൾ എന്നോടു ചോദിച്ചു, “താനിപ്പോൾ അന്തരീക്ഷശാസ്ത്രത്തിലല്ലേ ഗവേഷണം നടത്തുന്നതു്? അതുകൊണ്ടു് ഒരു കാര്യം പറഞ്ഞുതരുമോ? എന്തുകൊണ്ടാണു് ആകാശത്തിനു നീലനിറം ഉള്ളതു്?” ഞാൻ പറഞ്ഞു, “നമ്മൾ light scattering പഠിച്ചതല്ലേ? തരംഗദൈർഘ്യം കുറഞ്ഞ പ്രകാശമാണു് കൂടുതൽ സ്കാറ്ററിങ്ങിനു വിധേയമാകുന്നതു്. അതുകൊണ്ടു്, ആ പ്രകാശമാണു് കൂടുതലായി നമ്മുടെ കണ്ണിലെത്തുന്നതു്. അത്രതന്നെ.” അയാളുടെ മറുപടി എന്നെ ഞെട്ടിച്ചു, “അപ്പോൾ അതെല്ലാം വാസ്തവത്തിൽ ഉള്ള കാര്യങ്ങളാണു്, അല്ലേ?” അതുവരെ വിദ്യാലയങ്ങളിൽ പഠിച്ച കാര്യങ്ങൾക്കു് യഥാർത്ഥ ലോകവുമായി ഒരു ബന്ധവുമില്ല എന്നാണു് ആ പാവം ധരിച്ചിരുന്നതു്. ഇതു് തീർച്ചയായും ഒറ്റപ്പെട്ട സംഭവമല്ല. ഇങ്ങനെ പഠിച്ചു വളരുന്നവർ എങ്ങനെ നല്ല ശാസ്ത്രജ്ഞരോ നല്ല എൻജിനീയർമാരോ ആയിത്തീരും എന്നതു് മനസ്സിലാകുന്നില്ല. പക്ഷെ ഇതിനു മാറ്റം വരുത്തണമെങ്കിൽ അതു തുടങ്ങേണ്ടതു് താഴത്തെ ക്ലാസുമുതലാണെന്നു വ്യക്തമാണു്.

എന്താണു് പറ്റിയതു്?

എവിടെയാണു് നമുക്കു തെറ്റു പറ്റിയതു്? എനിക്കു തോന്നുന്ന കാര്യങ്ങൾ എഴുതട്ടെ. അവ തെറ്റോ ശരിയോ ആവാം. എന്തായാലും വ്ദ്യാഭ്യാസവിദഗ്ദ്ധർ വിശദമായ പഠനം നടത്തി പ്രശ്നങ്ങൾ കൃത്യമായി കണ്ടെത്തേണ്ടതുണ്ടു്. അതു വൈകാതെ നടക്കും എന്നു പ്രതീക്ഷിക്കുന്നു.

ഒന്നാമതായി, മിക്ക വിഷയങ്ങളും പഠിപ്പിക്കുന്നതു് പ്രകൃതിയുമായൊ ജീവിതവുമായൊ ബന്ധപ്പെടുത്താതെയാണു്. ഒരു ഉദാഹരണം മാത്രം പറയട്ടെ. ജ്യോമിതി എന്നു മലയാളത്തിൽ വിളിക്കുന്ന, ഇംഗ്ലിഷിൽ ജിയോമെട്രി (Geometry) എന്നു വിളിക്കുന്ന വിഷയം പഠിപ്പിക്കുന്നതു് എന്തോ അമൂർത്തമായ കാര്യം പോലെയാണു്. എന്നാൽ, geo എന്നതിനർത്ഥം ഭൂമി എന്നും metry എന്നതിനു് അളക്കൽ എന്നുമാണു്. അതായതു്, ഭൂമി അളക്കുന്ന പ്രക്രിയയിൽനിന്നാണു് geometry എന്ന വിഷയം ഉദ്ഭവിച്ചതു് എന്നാണു് അതിന്റെ പേരുതന്നെ സൂചിപ്പിക്കുന്നതു്. ഇതുപോലെ പ്രായോഗികമായ കാര്യങ്ങളിൽനിന്നാണു് എല്ലാ ശാസ്ത്രവിഷയങ്ങളും ഉണ്ടായതും വളർച്ച പ്രാപിച്ചതും. എന്നാൽ അതിൽനിന്നെല്ലാം വേർപെടുത്തി, ഒരു വിഷയത്തെ അമൂർത്തമായി അവതരിപ്പിക്കുമ്പോൾ അതു് ഉൾക്കൊള്ളാൻ ആർക്കായാലും ബുദ്ധിമുട്ടുണ്ടാകും എന്നു മാത്രമല്ല അതിനെക്കുറിച്ചു് മനസ്സിൽ വ്യക്തമായ സങ്കല്പം ഉണ്ടാവാതിരിക്കുമ്പോൾ പഠിച്ച കാര്യങ്ങൾ പ്രായോഗികാവശ്യങ്ങൾക്കു് ഉപയോഗിക്കാൻ കഴിയാതെവരികയും ചെയ്യും. ഇതുംകൂടാതെ, ഇപ്പോഴത്തെ സംവിധാനത്തിൽ, പരീക്ഷയ്ക്കുവേണ്ടിയാണു് പഠിപ്പിക്കുന്നതെങ്കിലും പരീക്ഷ പാസ്സാകാനായി ഒന്നും പഠിക്കണമെന്നുമില്ല. ഈ സാഹചര്യത്തിൽ കുട്ടിയുടെ ഭാഗത്തുനിന്നു് യാതൊരു പരിശ്രമവും ആവശ്യവുമില്ല. സ്വാഭാവികമായിത്തന്നെ ചിലരൊഴിച്ചു് ആരും കാര്യമായി പരിശ്രമിക്കുകയുമില്ല.

പിന്നെ ചിലരെങ്കിലും പറയുന്നതനുസരിച്ചു് യാതൊരുവിധ സമ്മർദ്ദവും നേരിടാതെ, യാതൊരു പരാജയവും നേരിടാതെ വളർന്നുവരുന്ന കുട്ടി പുറംലോകത്തിൽ ആദ്യമായി എന്തെങ്കിലും സമ്മർദ്ദമോ ബുദ്ധിമുട്ടോ നേരിടുമ്പോൾത്തന്നെ പതറിപ്പാകുകയും അതു് ആത്മഹത്യയിലേക്കോ അക്രമത്തിലേക്കോ നയിക്കുകയും ചെയ്യുന്നു. ഇക്കാര്യം വിദ്യാഭ്യാസവിദഗ്ദ്ധർ മാത്രമല്ല മനഃശാസ്ത്രജ്ഞരും പഠിക്കേണ്ടതാണു്.

ഇനി ഈ സാഹചര്യമുണ്ടാക്കുന്ന ദുഃഖകരമായ അവസ്ഥ വ്യക്തമാക്കാൻ മറ്റൊരു അനുഭവംകൂടി പറയട്ടെ. അടുത്തകാലത്തു്, ഭൗതികശാസ്ത്രത്തിൽ ബിരുദപരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റ ഒരു കുട്ടി ആ വിഷയം മാത്രം പഠിക്കാനായി എന്റെയടുത്തു് എത്തിയിരുന്നു. ഭൗതികശാസ്ത്രത്തിലെയും അതിൽനിന്നു മാറ്റിനിർത്താനാകാത്ത ഗണിതശാസ്ത്രത്തിലെയും അടിസ്ഥാനമായ ചില ആശയങ്ങൾ പറഞ്ഞുകൊണ്ടാണു് ഞാൻ തുടങ്ങിയതു്. പല കാര്യങ്ങളും ഇപ്പോഴാണു് മനസ്സിലായതു് എന്നയാൾ എന്നോടു പറഞ്ഞതു് വളരെ കൃതാർത്ഥതയും അതേസമയം ഇതുപോലെ എത്രയോ കുട്ടികൾ ആശയങ്ങൾ മനസ്സിലാകാതെ കഷ്ടപ്പെട്ടിരിക്കും എന്നോർത്തു് ദുഃഖവും ഉണ്ടായി. അതിലധികം സന്തോഷമുണ്ടായതു് അയാൾ വീട്ടിൽ ചെന്നിട്ടു് പറഞ്ഞ കാര്യം കേട്ടപ്പോഴാണു്. “ഇപ്പോൾ ഫിസിക്സ് പഠിക്കാൻ താല്പര്യം തോന്നുന്നു” എന്നാണു് അയാൾ വീട്ടിൽ പറഞ്ഞതു്. പഠിപ്പിക്കാമെന്നു് ഞാനും ഏറ്റു. ഇങ്ങനത്തെ അവസരം കിട്ടാതെ എത്രയോ കുട്ടികൾ കഷ്ടപ്പെടുന്നുണ്ടാകും! അവർക്കും നമ്മുടെ നാടിനുതന്നെയും എന്തെല്ലാം നഷ്ടമായിട്ടുണ്ടാകും! കഷ്ടം.

നമ്മുടെ വിദ്യാഭ്യാസരീതികളിൽ പ്രശ്നങ്ങളുണ്ടെന്നു് അതിന്റെ ഭാരവാഹികൾ ആദ്യമായി അംഗീകരിക്കുമോ? അതിനുശേഷം അതു പഠിക്കാും അതിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്താനും തയാറാകുമോ? ഇല്ലെങ്കിൽ നമ്മുടെ ശാസ്ത്രസാങ്കേതികരംഗം ഇന്നത്തേതുപോലെതന്നെ മൂന്നാംകിടയായിത്തന്നെ അവശേഷിക്കും. മൂന്നാംകിടയോ എന്നു സംശയിക്കുന്നുണ്ടോ? ഇന്ത്യയുടെ ശാസ്ത്രസാങ്കേതികരംഗത്തെക്കാൾ മെച്ചപ്പെട്ടതാണു് ഇന്ത്യയെക്കാൾ ചെറിയ രാജ്യമായ ബ്രസീൽ എന്നതു് പൊതുവെ അറിയപ്പെടാത്ത കാര്യമാണു്. ശാസ്ത്രസാങ്കേതികവിദഗ്ദ്ധരുടെ എണ്ണത്തിൽ ലോകത്തിലെ മൂന്നാമത്തെ രാജ്യമാണെന്നു് അഭിമാനിക്കുന്ന സമയത്താണു് ഈ അവസ്ഥ എന്നോർമ്മിക്കണം. അതിൽ മാറ്റം വരണമെങ്കിൽ, ഇ. ശ്രീധരനെയും മറ്റും പോലെ ഇനിയും സമർത്ഥരുണ്ടാകണമെങ്കിൽ, നമ്മുടെ വ്ദ്യാഭ്യാസരംഗത്തു് സമൂലമായ മാറ്റം ഉണ്ടായേ തീരൂ എന്നാണു് എനിക്കു തോന്നുന്നതു്.

Leave a comment