ഒരു പഴയ ഗാനവും അതിന്റെ പുതിയ കഥയും

ഞാൻ ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്തു് ഒരു വർഷം, റിപ്പബ്ലിക് ദിനത്തനാണെന്നു തോന്നുന്നു, സർക്കാർ ഒരു മത്സരം സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിനു് പട്ടണത്തിൽ ജാഥയായി പ്രകടനം നടത്തുക എന്നതായിരുന്നു സ്ക്കൂൾ ചെയ്യേണ്ടതു്. അതിനായി ഒരു പാട്ടും കുറെ മുദ്രാവാക്യങ്ങളും അവർ തരികയും ചെയ്തു. അവ മാത്രമെ ഉപയോഗിക്കാവു എന്നു നിഷ്ക്കർഷിച്ചിരുന്നില്ല. ആ ഗാനവും അതിന്റെ കഥയും ഞാനെന്റെ പഴയ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നു. ഗാനം ആരെഴുതിയതാണെന്നോ ആരാണു് സംഗീതം നൽകിയതെന്നോ എനിക്കറിയില്ലായിരുന്നു. അക്കാര്യം ഞാനവിടെ പറയുകയും ചെയ്തു.

ഇന്നിപ്പോൾ വളരെ സന്തോഷമുള്ള ഒരു കാര്യമുണ്ടായി. എനിക്കു് ഫേസ്‍ബുക്കിൽ ഒരു സുഹൃത്തിനെ കിട്ടി, ശ്രീ പ്രമോദ് പിള്ള. ജയിച്ചിടട്ടെ ഭാരതം എന്നു തുടങ്ങുന്ന ആ ഗാനം അദ്ദേഹത്തിന്റെ അപ്പൂപ്പൻ, ശ്രീ വാണക്കുറ്റി എന്ന ഹാസ്യസാഹിത്യകാരനും നടനും ആണു് ആ പാട്ടെഴുതിയതെന്നും ജയവിജയന്മാരാണു് സംഗീതം നൽകിയതു് എന്നും ഈ പാട്ടിനെപ്പറ്റി അറിയാവുന്നവരുണ്ടെങ്കിൽ കമന്റ് ഇടണമെന്നുമാണു് അദ്ദേഹം ഫേസ്‍ബുക്കിൽ പറഞ്ഞതു്. അങ്ങനെ അന്നത്തെ സംശയത്തിനു്, അല്ല, അമ്പതുവർഷം മുമ്പത്തെ സംശയത്തിനു് ഇന്നു് മറുപടി കിട്ടി. എന്റെ സന്തോഷം എല്ലാവരുമായി പങ്കുവയ്ക്കുന്നു.