നമ്മളെന്താ ഇങ്ങനെ?

ഇതേ പേരിൽ മുമ്പൊരിക്കൽ ഞാനൊരു പോസ്റ്റിട്ടിരുന്നു. അതിവിടെ വായിക്കാം. അതേ വിഷയമാണു് ഇന്നും എനിക്കു പറയാനുള്ളതു്.

ഇതെഴുതാൻ കാരണം ഇപ്പോൾ മാധ്യമങ്ങൾക്കു് പ്രിയംകരിയായിരിക്കുന്ന ഹനാൻ തന്നെയാണു്. ചെറിയ പ്രായത്തിൽ ഒരു പെൺകുട്ടിക്കു് അച്ഛന്റെ സാന്നിദ്ധ്യം പ്രായോഗികമായി നഷ്ടമാകുന്നു, അതിനെത്തുടർന്നു് അമ്മ രോഗിയാകുകയും ഫലപ്രദമായി കുട്ടികളെ നോക്കാനാവാതെയാവുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ ഈ കുടുംബത്തെ നോക്കുന്നതിന്റെ ഉത്തരവാദിത്തം മുഴുവനും ഈ പെൺകുട്ടിയുടെ തലയിലാകുന്നു. ആൺകുട്ടി ആണെങ്കിൽപ്പോലും തളർന്നുപോകാവുന്ന ഈ സാഹചര്യത്തിൽ പെൺകുട്ടി പൊരുതി ജീവിക്കാൻ തീരുമാനിക്കുകയും ഏതാണ്ടു് അർദ്ധരാത്രി കഴിയുമ്പോൾ മുതൽ വീണ്ടും ഇരുട്ടുന്നതുവരെ കച്ചവടം നടത്തി വരുമാനം കണ്ടെത്തുകയും അതിനിടയ്ക്കു് പഠിക്കുകയും ചെയ്തു് കുടുംബം പുലർത്തുകയും ചെയ്യുമ്പോൾ ആ കുട്ടിയെ മാനസികമായി ആക്രമിക്കാൻ തോന്നുന്നതെങ്ങനെ? കഴിയുന്ന സഹായം ചെയ്തുകൊടുക്കാനല്ലേ മനുഷ്യനു തോന്നുക? ആക്രമണം നടത്തുന്നതു് സാമൂഹ്യമാദ്ധ്യമത്തിലായതുകൊണ്ടു് മറ്റാരും കാണില്ല എന്നതായിരിക്കും അങ്ങനെ ചെയ്യാനായി ധൈര്യം നൽകിയതു്. എന്തായാലും താൻ ഈ നിലയിലായിരുന്നെങ്കിൽ എന്തു ചെയ്തേനെ എന്നു്  ആത്മാർത്ഥമായി ചിന്തിച്ചാൽ ഒരുപക്ഷെ മനസ്സിലാകുമായിരിക്കും. അതോ, താനൊരു മഹാ വ്യക്തിത്വമാണു് എന്നു ചിന്തിക്കുന്ന മനസ്സാണെങ്കിൽ അതും സംഭവിക്കില്ല. അതായിരിക്കണം സത്യമെന്നു തോന്നുന്നു. അല്ലെങ്കിലേ മലയാളികൾക്കു് തങ്ങളെന്തോ മഹത്തായ സംഭവമാണെന്നു് ഒരു തോന്നലുണ്ടല്ലോ. ഒരു നിമിഷം ആത്മാർത്ഥമായി ചിന്തിച്ചാൽ ഇതെല്ലാം വെറും സങ്കല്പമാണെന്നു് ഒരുപക്ഷെ തിരിച്ചറിഞ്ഞേക്കു. പക്ഷെ അതിനു് ആദ്യമായി അല്പം വിനയം വേണം.

അതു പറഞ്ഞപ്പോൾ ഓർമ്മ വരുന്നു. എന്റെ പ്രവൃത്തിയാൽ മറ്റൊരാൾക്കു് ബുദ്ധിമുട്ടുണ്ടാകുമ്പോൾ നമ്മളെന്താ അതിൽ ഖേദം തോന്നാത്തതു്? അങ്ങനെ ചെയ്യാതിരിക്കാൻ ശ്രമിക്കാത്തതു്? ഇതു് സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യമായാലും മറ്റുള്ളവരുടെ കാര്യമായാലും ഇങ്ങനെതന്നെയാണു് എന്നാണു് എനിക്കു തോന്നുന്നതു്. സ്വന്തം വീട്ടിലെ മാലിന്യമെടുത്തു് അടുത്ത പറമ്പിലേക്കു് എറിയുക, സ്വന്തം വാഹനം കഴുകുന്ന വെള്ളം റോഡിലേക്കു് ഒഎഴുക്കിവിടുക, തുടങ്ങി സ്വന്തം പ്രവൃത്തികളിൽനിന്നുണ്ടാകുന്ന മാലിന്യം മറ്റുള്ളവർ സഹിച്ചുകൊള്ളണം എന്ന ഈ കാഴ്ചപ്പാടു് അഹങ്കാരത്തിൽനിന്നു് ഉണ്ടാകുന്നതല്ലേ? അതോ സ്വാർത്ഥതയിൽനിന്നോ? അതോ രണ്ടും കൂടുമ്പോഴോ? എന്തായാലും തങ്ങളുടെ വൃത്തികേടുകൾ മറ്റുള്ളവരുടെ മേൽ വാരിയിടുന്ന ഈ പ്രവണത ഉയർന്ന സംസ്ക്കാരത്തിന്റെ ലക്ഷണമായി മറ്റാരും കണക്കാക്കും എന്നു തോന്നുന്നില്ല. ഇനി ഒരാൾ അല്പം വിനയം കാണിക്കുകയൊ ആക്രമണാത്മകമായി സ്വന്തം കാര്യം നടത്താൻ ശ്രമിക്കാതിരിക്കുകയോ ചെയ്താൽ അയാളുടെ മേൽ ചാടിവീണു് കഴിയുന്നത്ര പരാക്രമം കാണിക്കാൻ സന്തോഷമുള്ള പലരും ഉണ്ടാകും. ഇതാണോ “മഹത്തായ” കേരളസംസ്ക്കാരം? ഏതെങ്കിലും പൊതുസ്ഥലം നോക്കിയാൽമതി ഇക്കാര്യം മനസ്സിലാകാൻ. അതു് പൊതുവഴിയായാലും പബ്ലിക് ടോയ്‍ലറ്റായാലും നമുക്കു കാണാം. ഞാൻ എനിക്കിഷ്ടമുള്ളതുപോലെ വാഹനമോടിക്കും, നിങ്ങളെല്ലാം വേണമെങ്കിൽ ഒഴിഞ്ഞുമാറി പൊയ്ക്കൊള്ളണം എന്ന മട്ടിലാണു് പലരും വാഹനങ്ങൾ ഓടിക്കുന്നതു്. താനുപയോഗിച്ചതിനുശേഷം അവിടം മുഴുവനും വൃത്തികേടായി കിടന്നാൽ ആരെങ്കിലും വൃത്തിയാക്കിക്കൊള്ളണം എന്ന ചിന്തയോടെയാണു് പബ്ലിക് ടോയ്‍ലറ്റുകളിലേക്കു് പലരും കയറുന്നതു് എന്നു തോന്നും.

നമ്മളെന്താ ഇങ്ങനെ? ഒരു പൊതുസൗകര്യം ഉപയോഗിച്ചാൽ താൻ കണ്ടതുപോലെതന്നെ വേണം ഇട്ടിട്ടുപോകാൻ എന്ന ബാലപാഠം ചെറുക്ലാസുകളിൽമുതൽ പഠിപ്പിച്ചുതുടങ്ങണം. അതു് പാഠത്തിന്റെ ഭാഗമായി പരീക്ഷയ്ക്കുവേണ്ടിയല്ല, മറിച്ചു് പ്രായോഗികമായി. ഇതിനു് ഒരു ഉദാഹരണം പറയട്ടെ. പണ്ടു് ഭാരതീയവിദ്യാഭവന്റെ ഒരു സ്ക്കൂളിൽ പുതിയ പ്രഥമാദ്ധ്യാപകൻ വന്നപ്പോൾ, അവിടെ മൂത്രപ്പുരയില്ല എന്നു കണ്ടു. മൂത്രപ്പുരകൾ പണിയണം എന്ന ആവശ്യം ഭരണസമിതിയുടെ മുന്നിൽ വച്ചപ്പോൾ പ്രായമായവർ മാത്രമുള്ള സമിതിയിൽനിന്നു വന്ന പ്രതികരണം ഇപ്രകാരമായിരുന്നു, “എന്റെ കുട്ടിക്കാലത്തു് ഞങ്ങൾ മരത്തിന്റെ ചുവട്ടിലാണു് മൂത്രമൊഴിച്ചിരുന്നതു്. അങ്ങനെ ചെയ്താൽ മതി. മൂത്രപ്പുര പണിതാൽ കുട്ടികൾ വൃത്തികേടായി ഇടും. പിന്നെ അവിടം മുഴുവനും നാറാൻതുടങ്ങും.” പ്രഥമാധ്യാപകൻ പറഞ്ഞു, “അപ്പറഞ്ഞതു ശരിയാണു്. പക്ഷെ, അങ്ങനെ ചെയ്യാതിരിക്കാനായി കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടു്. അതെന്റെ ഉത്തരവാദിത്തമാണു്. അതു ഞാൻ ചെയ്തുകൊള്ളാം” എന്നു്. ആ ഉറപ്പിന്റെ പുറത്താണു് മൂത്രപ്പുര പണിയാനുള്ള അനുവാദം നൽകിയതു്. അങ്ങനെ മറ്റൊരു കാര്യംകൂടി (പരീക്ഷയ്ക്കു ചോദിക്കാത്തതു്) കുട്ടികൾ പഠിച്ചു. ഇങ്ങനെ കുട്ടിക്കാലം മുതൽക്കു് മാതാപിതാക്കളും അദ്ധ്യാപകരും കുട്ടികളെ ജീവിക്കേണ്ടരീതികൾ പഠിപ്പിച്ചാലേ ഈ സമൂഹം നന്നാകൂ എന്നതിനു വലിയ സംശയമൊന്നുമില്ല.