ചില പ്രളയചിന്തകൾ

പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളെപ്പറ്റിയും മറ്റു സാദ്ധ്യമായ പ്രകൃതിദുരന്തങ്ങളെപ്പറ്റിയും തിരുവനന്തപുരത്തെ ഭൗമശാസ്ത്രപഠനകേന്ദ്രം (Centre for Earth Science Studies, CESS, Thiruvananthapuram) മുന്നറിയിപ്പായി ഭൂപടം തയാറാക്കിയിരുന്നു എന്ന കാര്യം ഇപ്പോൾ പുറത്തുവന്നുകഴിഞ്ഞു.
2001ൽ തിരുവനന്തപുരം ജീല്ലയിലെ അംബൂരിയിലുണ്ടായ ഉരുൾപൊട്ടലാണു് മനസ്സിൽവരുന്ന ഒരു കാര്യം. ആ ഉരുൾപൊട്ടലുണ്ടായശേഷം ഭൗമശാസ്ത്രപഠനകേന്ദ്രത്തിന്റെ ഡയറക്ടറെ അന്നത്തെ മുഖ്യമന്ത്രി വിളിപ്പിച്ചിട്ടു ചോദിച്ചു എന്തുകൊണ്ടാണു് അതേപ്പറ്റി മുന്നറിയിപ്പു നൽകാഞ്ഞതെന്നു്.
“മുന്നറിയിപ്പു തന്നിരുന്നല്ലൊ” എന്നായിരുന്നു ഡയറക്ടറുടെ മറുപടി.
“എവിടെ?” എന്നു മുഖ്യമന്ത്രി.
“ഞങ്ങളുടെ റിപ്പേോർട്ടിലുണ്ടല്ലൊ” എന്നു ഡയറക്ടർ മറുപടി നൽകി.

ശാസ്ത്രജ്ഞർ കൃത്യമായി മുന്നറിയിപ്പു നൽകിയിരുന്നു, പക്ഷെ അതു് ഏതോ ഒരുദ്യോഗസ്ഥന്റെ അലമാരയിൽ ഇരുന്നുറങ്ങി. മുന്നറിയിപ്പനുസരിച്ചു് ദുരന്തമുണ്ടായി, മനുഷ്യർ മരിക്കുകയും ചെയ്തു.

ഇതുപോലെ അനേകം റിപ്പോർട്ടുകൾ അനേകം സർക്കാർഷെൽഫുകളിൽ ഇരിക്കുന്നുണ്ടാകണം എന്നതിനു സംശയമുണ്ടെന്നു തോന്നുന്നില്ല.
ദുരന്തമുണ്ടായതിനുശേഷം മുന്നറിയിപ്പുതരുന്ന റിപ്പോർട്ടു് പുറത്തു കൊണ്ടുവന്നിട്ടു് യാതൊരു പ്രയോജനവുമില്ല എന്നതു് എടുത്തുപറയേണ്ടതില്ലല്ലൊ. ജനങ്ങളുടെ പണം ചെലവഴിച്ചു് വിദഗ്ദ്ധർ തയാറാക്കിയ ഇത്തരം റിപ്പോർട്ടുകളൾ ഷെൽഫുകളിൽ ഇരിക്കേണ്ടവയല്ല എന്നതിനും വലിയ സംശയമൊന്നുമില്ല. അപ്പോൾപ്പിന്നെ പരിഹാരമെന്താണു്? ഉദ്യോഗസ്ഥരുടെ മേൽ പഴിചാരാം, വേണമെങ്കിൽ അവരുടെമേൽ നടപടിയെടുക്കുകയുമാവാാം. പക്ഷെ അതു് പ്രശ്നത്തിനുള്ള പരിഹാരമാകുമോ? ആകുമെന്നു തോന്നുന്നില്ല. അപ്പോൾപ്പിന്നെ എന്തുചെയ്യണം?
ജനങ്ങളുടെ പണംചെലവഴിച്ചുണ്ടാക്കിയ റിപ്പോർട്ടിൽ എന്താണു് പറഞ്ഞിരിക്കുന്നതു് എന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടു്, വിശേഷിച്ചു് ഇതുപോലെ അവരുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്ന കാര്യമാകുമ്പോൾ. അതുകൊണ്ടുതന്നെ, ഇത്തരം റിപ്പോർട്ടുകൾ തയാറായാൽ ഉടനെതന്നെ പരസ്യമായി ജനങ്ങൾക്കു് ലഭ്യമാക്കുകയാണു് വേണ്ടതു്. അതിനുള്ള ഏറ്റവുംനല്ല മാർഗ്ഗം അവ ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുകയാണു് എന്നതിനു സംശയമില്ല. പ്രശ്നം ബാധിക്കുന്ന ജനങ്ങൾ അവ ശ്രദ്ധിക്കാതെ പോയാൽപ്പോലും ഏതെങ്കിലും പരിസ്ഥിതിപ്രവർത്തകനൊ മാദ്ധ്യമപ്രവർത്തകനൊ അവ കാണാനും പ്രചരിപ്പിക്കാനും സാദ്ധ്യതയുണ്ടു്. എന്തായാലും ഒരു സർക്കാരാഫീസിലെ ഷെൽഫിൽ ഒളിച്ചിരിക്കുന്നതിനെക്കാൾ തീർച്ചയായും നല്ലതാണു്.
അതുകൊണ്ടു്, പരിസ്ഥിതിക്കനുയോജ്യമായ വികസനം മതി എന്നു തീരുമാനിച്ചതിനോടൊപ്പം ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ അവരെ ആദ്യമേതന്നെ അറിയിക്കണം എന്ന തീരുമാനംകൂടി സർക്കാർ കൈക്കൊള്ളും എന്നു പ്രതീക്ഷിക്കുന്നു.

ഇപ്പോൾ അറിഞ്ഞതു്:

ഭൗമശാസ്ത്രപഠനകേന്ദ്രം (സെസ്സ്) നിർമ്മിച്ച ഭൂപടങ്ങളുടെ കൈമാറ്റം മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിൽവച്ചു നടത്തിയിരുന്നു എന്നും ഇതു് മാദ്ധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ടു ചെയ്തിരുന്നു എന്നും സെസ്സിലെ മുൻ അധികാരികൾ പറയുന്നു. അതിനു തെളിവായി ദ ഹിന്ദുവിലും മലയാളമനോരമയിലും വന്ന വാർത്തകളുടെ ചിത്രങ്ങളും അയച്ചിരിക്കുന്നു.

Manorama-hazard-maps-release

മനോരമയിൽ വന്ന വാർത്ത

TheHindu-hazard-maps-release

ദ ഹിന്ദുവിൽ വന്ന വാർത്ത

എന്നാൽ ഈ ഭൂപടങ്ങൾ ചെറിയ സ്കെയിലിലുള്ളവയായിരുന്നു എന്നും അതു് പ്രാദേശികതലത്തിൽ പ്രയോജനപ്പെടില്ലായിരുന്നു എന്നും മറ്റൊരു ഭാഗത്തുനിന്നും കേ൮ക്കുന്നുണ്ടു്.

എന്തായാലും ഈ മഹാദുരന്തം തടയുന്നതിൽ നമ്മുടെ ശാസ്ത്രസമൂഹവും ഉദ്യോഗസ്ഥരും പരാജയപ്പെട്ടു എന്നതു് വ്യക്തമാണു്. അതെന്തുകൊണ്ടു് എന്ന കാര്യം ഇനിയെങ്കിലും സത്യസന്ധമായി പഠിച്ചാൽ ഭാവിയിലുണ്ടാകാൻപോകുന്ന ദുരന്തങ്ങൾ ഒരുപക്ഷെ തടയാനായേക്കും.